ദുബൈ | ലോകത്തെ ഏറ്റവും വലിയ കണ്ടന്റ്ക്രിയേറ്റർമാരുടെ സംഗമമായ “വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്’ വിജ്ഞാനപ്രദമായ ചർച്ചകൾക്കും ചരിത്രപരമായ പുരസ്‌കാര സമർപ്പണങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഡിജിറ്റൽ യുഗത്തിലെ വിദ്യാഭ്യാസ പ്രവണതകളും വിവരങ്ങളുടെ വിശ്വാസ്യതയും സമ്മിറ്റിലെ പ്രധാന ചർച്ചാവിഷയങ്ങളായി.ശാസ്ത്ര സത്യങ്ങളെ സാധാരണക്കാർക്ക് ഹൃദ്യമായ രീതിയിൽ പരിചയപ്പെടുത്തിയ പ്രശസ്ത കണ്ടന്റ് ക്രിയേറ്റർ അബ്ദുള്ള അന്നൻ പ്രഥമ എജ്യുക്കേറ്റർ അവാർഡ് സ്വന്തമാക്കി.ടിക് ടോക്കുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഈ പുരസ്‌കാരത്തിന് ഒരു ലക്ഷം ഡോളറാണ് സമ്മാനത്തുക. സങ്കീർണമായ ശാസ്ത്ര വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന അന്നന്റെ സയൻസ് സ്ട്രീറ്റ് എന്ന പദ്ധതിയോടുള്ള ആദരമായാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യു എസ് തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ആറ് ലക്ഷത്തോളം അപേക്ഷകരിൽ നിന്നാണ് വിദഗ്ധ ജൂറി അന്നനെ തിരഞ്ഞെടുത്തത്.വിശ്വാസ്യതയാണ് പ്രധാനം: ധ്രുവ് റാഠിസമ്മിറ്റിലെ മറ്റൊരു ആകർഷണം പ്രശസ്ത ഇന്ത്യൻ യൂട്യൂബർ ധ്രുവ് റാഠി പങ്കെടുത്ത സെഷനായിരുന്നു. തന്റെ വീഡിയോകളിലെ വിവരങ്ങൾ എങ്ങനെ വസ്തുതാപരമായി പരിശോധിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ വീഡിയോക്ക് പിന്നിലും വിപുലമായ ഗവേഷണമുണ്ട്. സർക്കാർ രേഖകൾ, ഔദ്യോഗിക റിപ്പോർട്ടുകൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത് എന്ന് ധ്രുവ് റാഠി പറഞ്ഞു.ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്നതിനാൽ വസ്തുതകൾ അവതരിപ്പിക്കുമ്പോൾ വലിയൊരു ഉത്തരവാദിത്തം ഉണ്ടെന്നും വ്യക്തിപരമായ താല്പര്യങ്ങൾ വിവരങ്ങളെ സ്വാധീനിക്കാതെ നോക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെയും ക്രിയാത്മകമായ കണ്ടന്റ് നിർമ്മാണത്തെയും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ദുബൈ വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് മാറി.