അദാനി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ സ്ട്രൈക്കേഴ്സ് പള്ളിത്തെരുവ് കിരീടം ചൂടി. കോവളം വാഴമുട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ആവേശകരമായ ഫൈനലിൽ എം.സി.സി പള്ളിത്തെരുവിനെ 10 വിക്കറ്റിന് തകർത്ത് കൊണ്ടാണ് സ്ട്രൈക്കേഴ്സ് ജേതാക്കളായത്.ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത എം.സി.സി പള്ളിത്തെരുവ് നിശ്ചിത 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന മികച്ച സ്‌കോർ ഉയർത്തി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സ് പള്ളിത്തെരുവ് 3.4 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം അനായാസം മറികടന്നു.സ്ട്രൈക്കേഴ്സിന്റെ വിജയത്തിന് അടിത്തറയിട്ടത് ഓപ്പണർ സനോഫറിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. വെറും 20 പന്തുകളിൽ നിന്ന് 42 റൺസ് അടിച്ചുകൂട്ടിയ സനോഫർ, ഫൈനലിലെ ‘മാൻ ഓഫ് ദി മാച്ച്’ പുരസ്കാരവും ടൂർണമെന്റിലെ ‘മാൻ ഓഫ് ദി സീരീസ്’ പുരസ്കാരവും സ്വന്തമാക്കി. സ്ട്രൈക്കേഴ്സിന്റെ തന്നെ സിദ്ദിഖിനെ ടൂർണമെന്റിലെ മികച്ച ബൗളറായി തെരഞ്ഞെടുത്തു. എം.സി.സി ആനയറ മൂന്നാം സ്ഥാനവും ഫൈറ്റേഴ്സ് ചെറിയതുറ നാലാം സ്ഥാനവും നേടി.തീരദേശ മേഖലയിലെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുത്തത്. ശംഖുമുഖം, വലിയതുറ, പൂന്തുറ, ബീമാപള്ളി തുടങ്ങിയ വിവിധ തീരദേശ പ്രദേശങ്ങളിലെ ടീമുകൾ മത്സരിച്ചു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് എന്നിവർ മുഖ്യാതിഥികളായി.The post അദാനി റോയൽസ് കപ്പ് സ്ട്രൈക്കേഴ്സ് പള്ളിത്തെരുവിന് appeared first on Kairali News | Kairali News Live.