ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്. എന്നാല്‍, യു എ പി എ എന്ന കരിനിയമത്തിന്റെ ദുരുപയോഗം ജനാധിപത്യ രാജ്യത്ത് വലിയ ഭീഷണിയാകുന്നു. വിയോജിക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നിയമം ആയുധമാക്കപ്പെടുന്നത് ആഗോളതലത്തില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഡല്‍ഹി കലാപ ഗൂഢാലോചനാ കേസില്‍ ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളപ്പെട്ട പശ്ചാത്തലത്തില്‍, നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കുന്ന പുതിയ കീഴ്്വഴക്കങ്ങള്‍ ഗൗരവമായ ചര്‍ച്ച അര്‍ഹിക്കുന്നു. നിയമം നീതിയുക്തമാകേണ്ടതിനെക്കുറിച്ച് നാം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കണം.1967ല്‍ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്- യു എ പി എ കൊണ്ടുവന്നത്. 2004, 2008, 2012 വര്‍ഷങ്ങളിലെ ഭേദഗതികളിലൂടെ ഈ നിയമം കൂടുതല്‍ കര്‍ക്കശമായി. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) രൂപവത്കരണവും ഈ ഭേദഗതികളുടെ പരിണതിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, വിവിധ കാലങ്ങളില്‍ യു എ പി എക്ക് സമാനമായ വിവിധ നിയമങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1987ല്‍ നിലവില്‍ വന്ന ‘ടാഡ’, അതിനു ശേഷം 2002ല്‍ നിലവില്‍ വന്ന ‘പോട്ട’ എന്നിവ ഇവയ്ക്കുദാഹരണങ്ങളാണ്. ഭരണകൂട ദുരുപയോഗം കാരണം രണ്ടും റദ്ദാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2015നെ അപേക്ഷിച്ച് 2019 ആയപ്പോഴേക്കും യു എ പി എ അറസ്റ്റുകള്‍ 72 ശതമാനം കൂടി. 2019ല്‍ മാത്രം 1,226 കേസുകളിലായി 1,948 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് വളരെ കുറവുമാണ്. നിരപരാധികള്‍ വിചാരണയില്ലാതെ ദീര്‍ഘകാലം തടവില്‍ കഴിയുന്നത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യരെയും അസ്വസ്ഥപ്പെടുത്തുന്നു.സാധാരണ ക്രിമിനല്‍ നിയമങ്ങളില്‍ ‘ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്’. എന്നാല്‍ യു എ പി എ 43 ഡി (5) പ്രകാരം പോലീസിന്റെ കുറ്റപത്രം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് തോന്നിയാല്‍ ജാമ്യം നിഷേധിക്കപ്പെടും. കുറ്റപത്രത്തിലെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ വിചാരണക്ക് മുമ്പ് പ്രതിക്ക് മതിയായ അവസരം ലഭിക്കുന്നില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ പോരായ്മ. കൂടാതെ, കുറ്റപത്രം നല്‍കാന്‍ 180 ദിവസം വരെ സമയം ലഭിക്കുന്നത് മാസങ്ങളോളം വിചാരണ കൂടാതെ പ്രതിയെ തടവിലിടാന്‍ ഭരണകൂടത്തിന് അവസരം നല്‍കുന്നു. നീതിശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം, ‘കുറ്റം തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണ്’ എന്നതാണ്. എന്നാല്‍ യു എ പി എ ഈ തത്ത്വത്തെ അപ്രസക്തമാക്കുമ്പോള്‍ വിചാരണക്ക് മുമ്പേ അയാള്‍ ശിക്ഷിക്കപ്പെടുകയാണ്.2019ലെ എന്‍ ഐ എ/സഹൂര്‍ അഹമ്മദ് ഷാ വതാലി വിധിയിലൂടെയാണ് യു എ പി എ കേസുകളില്‍ ജാമ്യം നല്‍കാനുള്ള കോടതിയുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത്. എന്നാല്‍ ഇതിനെ മറികടക്കുന്നതരത്തില്‍ സുപ്രധാനമായ ചില ഇടപെടലുകളും ജാമ്യത്തെ സംബന്ധിച്ച് ഉദാരമായ പല നിരീക്ഷണങ്ങളും സുപ്രീം കോടതി നടത്തിയിട്ടുണ്ട്. കെ എ നജീബ് (2021) കേസില്‍ വിചാരണ നീണ്ടുപോകുകയും പ്രതി ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 21ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ജാവേദ് ഇഖ്ബാല്‍ (2024) കേസില്‍, യു എ പി എയുടെ മറവില്‍ ദീര്‍ഘകാലം തടവില്‍ കഴിഞ്ഞവര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ വതാലി വിധി ഒരു മാതൃകയായി എടുത്ത് പരിചയാക്കരുത് എന്നും വിചാരണ വൈകുന്നത് ജാമ്യത്തിനുള്ള ശക്തമായ കാരണമാണെന്നും കോടതി ആവര്‍ത്തിച്ചു. ജലാലുദ്ദീന്‍ ഖാന്‍ കേസില്‍ (2024) യു എ പി എ കേസുകളില്‍ പോലും ‘ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്’ എന്ന് കോടതി അടിവരയിട്ടു.ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഈ മാസം അഞ്ചിന് വന്ന സുപ്രീം കോടതി വിധിയില്‍, അഞ്ച് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ കഴിഞ്ഞ ഉമര്‍ ഖാലിദ് കേസില്‍ ഇത്തരം ഉദാരമായ മുന്‍കാല വിധികള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നത് ആശങ്കാജനകമാണ്. വിചാരണ വൈകുന്നത് ജാമ്യം നല്‍കാനുള്ള ‘തുറുപ്പുചീട്ട്’ അല്ല എന്ന പുതിയ നിരീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് തിരിച്ചടിയാണ്, ഒരു പുതിയ കീഴ്്വവഴക്കത്തിന് വഴിവെക്കുന്നതുമാണ്.ഗൗരവതരമായ കാര്യം, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ‘ഭീകര പ്രവര്‍ത്തനമായി’ വ്യാഖ്യാനിക്കാനുള്ള സാധ്യതയാണ്. റോഡ് ഉപരോധിക്കുന്നതും സമരം ചെയ്യുന്നതും നിയമ ലംഘനമായേക്കാം, അതിന് സാധാരണ നിയമപ്രകാരം ശിക്ഷ നല്‍കാം. എന്നാല്‍ ഇത്തരം സമരങ്ങളെ യു എ പി എയുടെ പരിധിയില്‍ കൊണ്ടുവരുന്നത് പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തും. സുപ്രീം കോടതി മുമ്പ് ഉയര്‍ത്തിപ്പിടിച്ച ലിബറല്‍ മൂല്യങ്ങളും ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന സുരക്ഷയും ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ കാര്യത്തില്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍ അത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമായിരുന്നു.നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്യു എ പി എ നിയമത്തിന്റെ ഇരകളെക്കുറിച്ച് പറയാതെ ഇത് പൂര്‍ണമാകില്ല. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായമുള്ളയാളായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന് പ്രായം 83. കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗവുമുണ്ടായിരുന്നു. ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷത് എന്ന് ദളിത് സംഘവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായിരുന്ന ജി എന്‍ സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2024ല്‍ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ശാരീരിക വെല്ലുവിളികള്‍ നേരിട്ടിരുന്ന അദ്ദേഹം ജയില്‍ മോചിതനായി മാസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. യു എ പി എ ചുമത്തിയ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പത്ത് വര്‍ഷത്തോളം ജയിലില്‍ അടക്കപ്പെട്ട സായിബാബയുടെ കേസില്‍ ഹൈക്കോടതി കണ്ടെത്തിയിരുന്നു. നിരപരാധിയായിട്ടും 10 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. വിചാരണത്തടവുകാരനായി അഞ്ച് വര്‍ഷം ജയിലില്‍ കിടന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ അസ്സോസിയേറ്റ് പ്രൊഫസറും തൃശൂര്‍ സ്വദേശിയുമായ ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി 2025 ഡിസംബര്‍ നാലിനാണ് ജാമ്യം അനുവദിച്ചത്. കേസ് തീരുന്നത് വരെ ബോംബെ ഹൈക്കോടതി പരിധി വിട്ട് പോകാന്‍ പാടില്ല എന്നതാണ് ജാമ്യവ്യവസ്ഥ. കുറ്റക്കാരനായത് കൊണ്ടല്ല, മറിച്ച് കേവലം കുറ്റാരോപിതനായത് കൊണ്ട് മാത്രം. കോടതിയിലെ വ്യവഹാരം തീര്‍പ്പാക്കുന്ന കാലം എണ്ണിയിരുന്ന് ജീവിതം പാഴായിപ്പോകുന്ന ദുരവസ്ഥ. 2020 ഒക്ടോബറില്‍ പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തു, 2023 ഒക്ടോബറില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ കസ്റ്റഡിയിലെടുത്തു, 2023ല്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ച് കശ്മീര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.ഉമര്‍ ഖാലിദിന്റെ നീണ്ട തടങ്കല്‍ അന്താരാഷ്ട്രതലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി വന്നയുടനെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ വ്യക്തികളെ വര്‍ഷങ്ങളോളം വിചാരണയില്ലാതെ ജയിലിലടക്കുന്നത് നീതിയുക്തമാകില്ല എന്ന് വിയോജിപ്പ് രേഖപ്പെടുത്തി. വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ യു എ പി എ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമായി ഉമര്‍ ഖാലിദിന്റെ കേസിനെ ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്സ് ഉള്‍പ്പെടെയുള്ള ആഗോള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റം തെളിയാതെ വര്‍ഷങ്ങളോളം നീളുന്ന ഈ തടങ്കല്‍ ‘ഫെയര്‍ ട്രയല്‍’ എന്ന നീതിസങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കണമെന്നും വ്യാപകമായി ആവശ്യമുയരുന്നുണ്ട്. ന്യൂയോര്‍ക്ക് പുതിയ മേയറായ സുഹ്‌റാന്‍ മംദാനി ഉമര്‍ ഖാലിദിന് അയച്ച സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് ഈ പോരാട്ടത്തിന്റെ മാനുഷികതലം വ്യക്തമാക്കുന്നതും തടവറയ്ക്കുള്ളില്‍ നീതി കാത്തുകഴിയുന്ന മനുഷ്യനുള്ള ഐക്യദാര്‍ഢ്യവുമായിരുന്നു.