മധ്യപ്രദേശില്‍ ചാണക അഴിമതിയും

Wait 5 sec.

മറ്റു ജീവികളുടെ വിസര്‍ജ്യത്തെ പോലെ പശുവിന്റെ ചാണകത്തിന് നാറ്റമില്ല, അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പാണ്. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്തെമ്പാടും പൊതുപണം ഉപയോഗിച്ച് ഗോശാല പണിയുന്നതിനെ വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനക്ക് മറുപടി പറയവെയാണ് കഴിഞ്ഞ അംബേദ്കര്‍ ജയന്തി ദിനത്തില്‍ മോഹന്‍ യാദവിന്റെ ഈ ചാണക മാഹാത്മ്യ പ്രസ്താവന വന്നത്. എന്നാല്‍ ചാണക അഴിമതിയുടെ അസഹ്യമായ ദുര്‍ഗന്ധമാണ് മധ്യപ്രദേശില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പശുവിന്റെ ചാണകവും മൂത്രവും പാലുത്പന്നങ്ങളും അടങ്ങുന്ന പഞ്ചഗവ്യ മിശ്രിതത്തിന് ക്യാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തുന്നതിന് ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി കോളജിന് മധ്യപ്രദേശ് സര്‍ക്കാര്‍ അനുവദിച്ച 3.5 കോടിയിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. തുക ഗവേഷണത്തിനല്ല, ഉദ്യോഗസ്ഥര്‍ ആഡംബര കാറുകള്‍ വാങ്ങാനും ഗവേഷണവുമായി ബന്ധമില്ലാത്ത വിമാനയാത്രകള്‍ക്കും മറ്റും ഉപയോഗിച്ചുവെന്നാണ് പുറത്തുവന്ന വിവരം. ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പ് ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധ ഗുണം കണ്ടെത്താന്‍ പണം അനുവദിച്ച സര്‍ക്കാര്‍ നടപടിയാണ് അന്വേഷണത്തിന് വിധേയമാക്കേണ്ടത്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനോപകാര പദ്ധതികള്‍ക്കും വിനിയോഗിക്കാനുള്ളതാണ് ജനങ്ങളുടെ നികുതിപ്പണം, അശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ചെലവിടാനുള്ളതല്ല. ആന, കുതിര, പട്ടി തുടങ്ങിയ മൃഗങ്ങളുടെ വിസര്‍ജ്യം പോലെ മലിനമാണ് പശുവിന്റെ മൂത്രവും ചാണകവുമെന്നും അവയില്‍ അപകടകാരികളായ നിരവധി ബാക്ടീരിയകളും രോഗാണുക്കളും അടങ്ങിയിട്ടുണ്ടെന്നുമാണ് ശാസ്ത്രീയ പഠനങ്ങളെല്ലാം വ്യക്തമാക്കിയത്. ശ്വാസനാളം, തൊണ്ട, മൂക്ക് എന്നിവയെ ബാധിക്കുന്ന ‘ഡിഫ്തീരിയ’ രോഗത്തിനു കാരണമാകുന്ന കോര്‍ണി, കുടലുകള്‍ക്ക് അസുഖം സൃഷ്ടിക്കുന്ന സാല്‍മോണെല്ല, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ക്ലോസ്ട്രിഡിയം ടെറ്റനി, ഇ കോളി തുടങ്ങിയ ബാക്ടീരിയകളാണ് ഈ വിസര്‍ജ്യങ്ങളില്‍ അടങ്ങിയത്. ചാണകം കൈകാര്യം ചെയ്യുമ്പോള്‍ ഒരു വിധേനയും കൈകളിലോ ശരീരത്തിലോ അകാന്‍ ഇടയാകരുത്, ഗ്ലൗസ് ധരിക്കാതെ വെറും കൈകൊണ്ട് ചാണകം കൈകാര്യം ചെയ്യരുത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം അപകടകാരിയായ ഒരു വസ്തു ഉള്ളിലെത്താന്‍ ഇടവരുന്നത് മനുഷ്യ ജീവനു തന്നെ ഭീഷണിയാണ്.ഹിന്ദുത്വര്‍ ഔഷധമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ‘പഞ്ചഗവ്യ’ത്തിന്റെ ഔഷധ ഗുണത്തിന് ശാസ്ത്രീയാടിത്തറ കണ്ടെത്താനായി 2017ല്‍ മോദി സര്‍ക്കാര്‍ ഒരു ഗവേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഗോമൂത്രത്തിനോ ചാണകത്തിനോ ആരോഗ്യപരമായ ഒരു ഗുണവുമില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഗവേഷണ സംഘത്തിലെ പല വിദഗ്ധരും അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. ഇത്തരമൊരു പഠനത്തിന് സമയവും പണവും ചെലവിടുന്നത് വൃഥാവിലാണെന്നും ശാസ്ത്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനേ അത് സഹായിക്കുകയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എയിംസ് പോലുള്ള ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തെ പ്രമുഖ മൃഗഗവേഷണ കേന്ദ്രമായ ഐ വി ആര്‍ ഐയും (ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ പരീക്ഷണങ്ങളിലും ഗോമൂത്രവും ചാണകവും ഔഷധമായി ഉപയോഗിക്കുന്നതിന്റെ മാരകവിപത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.കൊവിഡ് കാലത്ത് ഗോമൂത്രം രോഗത്തിന് ഫലപ്രദമായ പ്രതിവിധിയാണെന്ന പ്രചാരണം നിലനിന്നിരുന്നു. ഈ പ്രചാരണത്തില്‍ വിശ്വസിച്ച് ആയിരക്കണക്കിനു പേര്‍ അന്ന് ഗോമൂത്രം കുടിക്കുകയുമുണ്ടായി. വലിയൊരു ബിസിനസ്സായി മാറിയിരുന്നു അക്കാലത്ത് ഗോമൂത്ര വില്‍പ്പന. ഒരു ഗ്ലാസ്സ് ഗോമൂത്രത്തിന് 130 രൂപ മുതല്‍ 1,400 രൂപ വരെ ഈടാക്കിയവരുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഇതുവഴി നല്ല വരുമാനമുണ്ടാക്കി. ഇതിനെതിരെ എയിംസ് വിദഗ്ധര്‍ ശക്തമായി രംഗത്തുവന്നു. ഗോമൂത്രവും ചാണകവും ഉപയോഗിച്ചവരില്‍ മാരകമായ മ്യൂക്കോര്‍മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) പടരാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച ചില രോഗികളില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയിരുന്നു.പശു പുറത്തുവിടുന്നത് ഓക്സിജനാണെന്ന വാദവും ശുദ്ധ അസംബന്ധവും അശാസ്ത്രീയവുമാണ്. പശുവിന് അതീവ മാഹാത്മ്യം അവകാശപ്പെട്ട് ആ പേരില്‍ രാഷ്ട്രീയ നേട്ടം കൊയ്യുന്ന ബി ജെ പി- ആര്‍ എസ് എസ് നേതാക്കളാണ് ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ ഗുണമുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍. അതിനപ്പുറം ശാസ്ത്രീയമായ ഒരടിത്തറയും ഇല്ല. ഈ വിസര്‍ജ്യങ്ങളില്‍ ഔഷധ ഗുണം കണ്ടെത്താന്‍ ഗവേഷണത്തിന് പൊതുപണം ഉപയോഗപ്പെടുത്തുന്നത് കടുത്ത അപരാധമാണ്. അധികാര ദുര്‍വിനിയോഗം മാത്രമല്ല, ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴിവെക്കും. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളില്‍ ശാസ്ത്രീയമായി അംഗീകരിച്ച ചികിത്സകള്‍ ഉപേക്ഷിച്ച് ശാസ്ത്രീയ അടിത്തറയില്ലാത്ത പഞ്ചഗവ്യം പോലുള്ള മിശ്രിതങ്ങള്‍ ആശ്രയിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കലാണ്. പശുവിന് മാഹാത്മ്യം കാണുന്നവര്‍ ആ വിശ്വാസവുമായി ജീവിക്കട്ടെ. ആ വിശ്വാസം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും അശാസ്ത്രീയ മരുന്നുകളില്‍ പ്രതീക്ഷകള്‍ നല്‍കുന്നതും വഞ്ചനയും രാജ്യദ്രോഹവുമാണ്.