പാരീസില്‍ നിന്ന് ആയത്തുല്ല അലി ഖുമൈനി 1979 ഫെബ്രുവരി ഒന്നിന് തെഹ്റാന്‍ വിമാനത്താവളത്തില്‍ കാലുകുത്തിയപ്പോള്‍ അത് പശ്ചിമേഷ്യയില്‍ മാറ്റത്തിന്റെ മണിമുഴക്കമായി വിലയിരുത്തപ്പെട്ടു. പത്ത് ദിവസത്തിനു ശേഷം, അതായത് ഫെബ്രുവരി 11ന്, ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതോടെ ഏറെ ഞെട്ടിയത് അമേരിക്കയും ഇസ്റാഈലുമായിരുന്നു. അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ പടപ്പുറപ്പാട് തുടങ്ങിയത് അന്ന് മുതലാണ്. ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കായി പ്രഖ്യാപിച്ചതിന്റെ ആറാം ദിവസം ഇസ്റാഈല്‍ തങ്ങളുടെ തെഹ്റാനിലെ എംബസി അടച്ചുപൂട്ടി. ഇതോടൊപ്പം ഇറാന്‍ ജനത ‘അമേരിക്കക്ക് മരണം, ഇസ്റാഈലിന് മരണം’ എന്ന് വിളിച്ചുകൊണ്ട് തെരുവിലിറങ്ങി. അതേ വര്‍ഷം നവംബര്‍ നാലിന് ഇറാന്‍ വിദ്യാര്‍ഥികള്‍ തെഹ്റാനിലെ അമേരിക്കന്‍ എംബസി കൈയേറി, നയതന്ത്ര പ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടെ 66 പേരെ ബന്ദികളാക്കി അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. സൈനിക നടപടിയിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമം വിഫലമായി. ഇറാന്‍ അധികൃതരുമായി അമേരിക്ക അല്‍ജിയേഴ്സില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് 440 ദിവസത്തിനു ശേഷമാണ് ബന്ദികളെ അമേരിക്കക്ക് വിട്ടുകിട്ടിയത്. സൈനിക നടപടിയിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മുതല്‍ ഇറാന്‍ ഇരു രാജ്യങ്ങളുമായി അകന്നുകഴിയുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയും ഇസ്റാഈലുമായുള്ള ഇറാന്റെ അകലം കൂടിക്കൊണ്ടിരുന്നു. അവര്‍ ഇറാനെ ഭീകര രാഷ്ട്രമായും സര്‍ക്കാര്‍ തലവന്മാരെ ഏകാധിപതികളായും ചിത്രീകരിച്ചും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാന്‍ ഇറാന്‍ തയ്യാറായതുമില്ല. ഇസ്ലാമിക് റിപബ്ലിക് സ്ഥാപിതമായി അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇറാന്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പലതവണ അമേരിക്കന്‍-സയണിസ്റ്റ് സഖ്യം ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇറാനിലെ ഇസ്ലാമിക് റിപബ്ലിക് ഭരണം അവസാനിപ്പിക്കാന്‍ അമേരിക്കയേക്കാള്‍ ആഗ്രഹം ഇസ്റാഈലിനാണ്. പശ്ചിമേഷ്യയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കലായിരുന്നു ഇസ്റാഈല്‍ ലക്ഷ്യം. അതിനായി യു എസിനെ യുദ്ധത്തിലേക്ക് തള്ളിവിടുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഇസ്റാഈലിനു വേണ്ടിയാണ്. ജോ ബൈഡന്‍ തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റുമാരെ ഇറാനെതിരെ യുദ്ധത്തിനിറങ്ങാന്‍ ഇസ്റാഈല്‍ പ്രേരിപ്പിച്ചിരുന്നുവെങ്കിലും അവര്‍ യുദ്ധം ഒഴികെയുള്ള ഇസ്റാഈലിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. ഭ്രാന്തന്‍ നിലപാടുകളിലൂടെ ശ്രദ്ധേയനായ ട്രംപ് ഇറാന്റെ കാര്യത്തിലും നിലപാട് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ട്രംപും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂട്ടിയതല്ല കണക്കുകള്‍ എന്ന് പ്രത്യാക്രമണങ്ങളിലൂടെ ഇറാന്‍ തെളിയിച്ചുകഴിഞ്ഞു. യുദ്ധം പെട്ടെന്ന് അവസാനിക്കുകയില്ല എന്ന് ട്രംപിന് തുറന്നു സമ്മതിക്കേണ്ടിവന്നു. ചര്‍ച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാം എന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളുകയും ചെയ്തു. വിനാശകരമായ നീണ്ട യുദ്ധത്തിന് ഇറാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന സൈനിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ചര്‍ച്ചക്ക് സന്നദ്ധമായതെന്ന് ഹീബ്രു പത്രം റിപോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവ് ഖാംനഈ വധിക്കപ്പെട്ടതോടെ ഇറാനില്‍ ആഭ്യന്തര കലാപം തുടങ്ങുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകളും പിഴച്ചു. ഇറാനിലെ അവസാന രാജാവായ മുഹമ്മദ് റെസ പഹ്ലവിയുടെ മകന്‍ റെസ പഹ്ലവി അമേരിക്കയിലിരുന്ന് സോഷ്യല്‍ മീഡിയയിലൂടെ ഖാംനഈയുടെ മരണം ആഘോഷമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രവാസികളടക്കമുള്ള ഇറാനികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.ശത്രുനേതൃത്വത്തെ ശിരച്ഛേദം ചെയ്യുക എന്നത് യുദ്ധതന്ത്രമാണ്. ചില സന്ദര്‍ഭങ്ങളില്‍ അത്തരം തന്ത്രങ്ങള്‍ വിജയിക്കാറുണ്ടെങ്കിലും ഇറാന്‍ പരമോന്നത നേതാവിനെ വധിച്ചതിലൂടെ അമേരിക്കന്‍- സയണിസ്റ്റ് സഖ്യം തിരിച്ചടി നേരിടുകയാണ്. അനാരോഗ്യം കാരണം പിന്‍ഗാമിക്കായി വഴിമാറാന്‍ തയ്യാറായ 86 വയസ്സുള്ള ഒരു വ്യക്തിയെയാണ് തങ്ങള്‍ കൊലപ്പെടുത്തിയതെന്ന കാര്യം ട്രംപും നെതന്യാഹുവും ഓര്‍ത്തില്ല. ഏത് സമയവും അധികാര കൈമാറ്റം സംഭവിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇറാന്‍ ജനത. യുദ്ധം തുടങ്ങിയതില്‍ ട്രംപിനെതിരെ അമേരിക്കന്‍ ജനത പ്രതിഷേധിക്കുകയാണ്. റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍ ട്രംപിന്റെ ഇറാന്‍ ആക്രമണത്തെ അനുകൂലിക്കുന്നവരുടെ എണ്ണം 27 ശതമാനമാണ്. ട്രംപ് തുടങ്ങിവെച്ച യുദ്ധത്തിന്റെ കെടുതി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലടക്കമുള്ള യു എസ് പൗരന്മാര്‍ നേരിടുകയാണ്. ഇസ്റാഈല്‍, ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, വെസ്റ്റ് ബാങ്ക്, ഗസ്സ, ജോര്‍ദാന്‍, കുവൈത്ത്, ലബനന്‍, ഒമാന്‍, ഖത്വര്‍, സഊദി അറേബ്യ, സിറിയ, യു എ ഇ, യമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരോട് രാജ്യം വിട്ടുപോകാന്‍ യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. സഊദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ എംബസികള്‍ അടച്ചിടാനുള്ള തീരുമാനം സ്വയംപ്രതിരോധത്തിലുള്ള അമേരിക്കയുടെ വിശ്വാസക്കുറവിന്റെ സൂചനയാണ്. ആയുധങ്ങള്‍ കൊണ്ട് കീഴ്പ്പെടുത്താന്‍ പെട്ടെന്ന് സാധ്യമല്ല എന്ന് മനസ്സിലാക്കി അമേരിക്ക ഇറാനിലെ കുര്‍ദിശ് വിഭാഗവുമായി ചര്‍ച്ച നടത്തുകയാണ്. കുര്‍ദുകള്‍ ഇറാന്‍ സര്‍ക്കാറിന്റെ വിമര്‍ശകരാണ്.ഇറാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കക്കും ഇസ്റാഈലിനും കനത്ത വില നല്‍കേണ്ടിവരുമെന്ന് യു എസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ (സി ഐ എ) മുന്‍ ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് അനലിസ്റ്റുമായ ലാറി ജോണ്‍സണ്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ അലി സാദെയുമായി നടത്തിയ അഭിമുഖത്തിലാണ് ലാറി ജോണ്‍സണ്‍ ഇത് വ്യക്തമാക്കിയത്. ഈ അഭിമുഖം അലി സാദെ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ഈ യുദ്ധത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും ഇറാന്റെ ഉന്നത നേതാക്കളെ ഇല്ലാതാക്കി യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാമെന്നും കരുതിയാണ് അമേരിക്കയും ഇസ്റാഈലും യുദ്ധം തുടങ്ങിയത്. എന്നാല്‍ ഇറാന്റെ ശക്തി കൃത്യമായി വിലയിരുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പ്രത്യേകിച്ച് ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അമേരിക്കയുടെയും ഇസ്റാഈലിന്റെയും രഹസ്യാന്വേഷണ വിഭാഗം ദയനീയമായി പരാജയപ്പെട്ടു. അമേരിക്കന്‍ സൈനിക താവളങ്ങളിലും ഇസ്റാഈലിലും ആക്രമണങ്ങള്‍ തുടരാന്‍ ഇറാന് സാധിക്കുന്നത് അതുകൊണ്ടാണ്.’ തെറ്റായ അനുമാനങ്ങളില്‍ അമേരിക്കയും ഇസ്റാഈലും കെട്ടിപ്പടുത്ത സൈനിക തന്ത്രത്തിന്റെ പരാജയമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ജോണ്‍സണ്‍ വെളിപ്പെടുത്തുന്നു. ഞങ്ങളില്‍ ചിലര്‍ അമേരിക്കന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചു, പക്ഷേ ആരും ചെവിക്കൊണ്ടില്ല- ജോണ്‍സണ്‍ തുടര്‍ന്നു. പത്ത് ദിവസത്തില്‍ കൂടുതല്‍ യുദ്ധം നടത്താനുള്ള ആയുധശേഷി ഇല്ലെന്ന് പെന്റഗണും ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സയണിസ്റ്റ്- അമേരിക്കന്‍ സഖ്യത്തിന്റെ ലക്ഷ്യം ഇറാനിലെ ഇസ്ലാമിക് റിപബ്ലിക് ഭരണകൂടത്തെ അട്ടിമറിച്ച് 1979ന് മുമ്പുള്ള ഭരണകൂടത്തെ സ്ഥാപിക്കലാണ്. എന്നാല്‍ ആ മോഹം നടക്കാനിടയില്ല. ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയുടെ കൊലപാതകം ഇറാനേറ്റ കനത്ത പ്രഹരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഖാംനഈയുടെ മരണം ഇറാനില്‍ സായുധ വിപ്ലവത്തിനോ സൈനിക അട്ടിമറിക്കോ കാരണമാകുമെന്ന അമേരിക്കന്‍- സയണിസ്റ്റ് വിലയിരുത്തല്‍ പാടെ പൊളിഞ്ഞു. ഖാംനഈയുടെ വേര്‍പാട് ഇറാന്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പോലും ഇല്ലാതാക്കി. ഇറാന്‍ പരമോന്നത നേതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് തെരുവിലിറങ്ങിയ ജനക്കൂട്ടം വിളിച്ചോതിയത് നിലവിലെ ഭരണകൂടത്തിന്റെ പിന്നിലെ ശക്തിയെയാണ്. അതേസമയം, ഖാംനഈയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും ഇറാനില്‍ നിന്നുള്ളതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.ആക്രമണത്തിന്റെ ആദ്യ ദിവസങ്ങളില്‍, ഇറാന്‍ സൈന്യം അറബ് രാജ്യങ്ങളിലെ യു എസ് താവളങ്ങളെയും ഇസ്റാഈലിനെയും ആക്രമിക്കുക വഴി ഇറാന്റെ കരുത്ത് വ്യക്തമാക്കുകയുണ്ടായി. നെതന്യാഹുവിന്റെ തെല്‍ അവീവിലെ ഓഫീസിനും സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയും ഇറാന്റെ മിസൈലുകള്‍ ചെന്നുവീണു. നേതാക്കളെ നഷ്ടപ്പെട്ടിട്ടും സൈനിക ശക്തിയും അത് ഉപയോഗിക്കാനുള്ള ഇച്ഛാശക്തിയും നഷ്ടമായിട്ടില്ല എന്ന് ഇറാന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം തുടരുകയും പശ്ചിമേഷ്യയിലെ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ യുദ്ധത്തില്‍ പങ്കുചേരുകയും ചെയ്താല്‍ അതൊരു വന്‍ ഭീഷണിയായി മാറും. ലബനാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയും ഗസ്സയിലെ ഹമാസും ഇറാനൊപ്പം പൊരുതാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമാകും. പാകിസ്താനിലെ അമേരിക്കന്‍ എംബസിക്കു നേരെ അവിടുത്തെ ജനങ്ങളും റിയാദിലടക്കമുള്ള എംബസികള്‍ക്ക് നേരെ ഇറാനും ആക്രമണം നടത്തിയ സാഹചര്യത്തില്‍ യുദ്ധം ഏതെങ്കിലും ഒരു വൃത്തത്തില്‍ ഒതുങ്ങുന്നതല്ല എന്ന് വ്യക്തമായി. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയും ചെയ്ത സാഹചര്യത്തില്‍, അതിന് വഴിമരുന്നിട്ട അമേരിക്കന്‍- സയണിസ്റ്റ് സഖ്യം ഈ യുദ്ധം മുന്‍കൈയെടുത്ത് അവസാനിപ്പിക്കേണ്ടി വരും.