ന്യൂഡല്‍ഹി | അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ തകര്‍ന്ന് വീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായി തിരച്ചില്‍ തുടരുന്നു. ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്.വ്യാഴാഴ്ച രാത്രി 7.42-നാണ് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. പറന്നുയര്‍ന്ന് അല്‍പ നേരെ കഴിയും മുന്‍പായിരുന്നു ഇത്.ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് മേഖലയിലാണ് അപകടം നടന്നത്.റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ചെടുത്ത ഈ യുദ്ധവിമാനങ്ങള്‍, നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവില്‍ 260-ലധികം സുഖോയ് വിമാനങ്ങളുണ്ട്.ഇതിനു മുന്‍പ് 2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക്കിലും, 2023 ജനുവരിയില്‍ ഗ്വാളിയോര്‍ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന മറ്റൊരു സുഖോയ് വിമാനവും തകര്‍ന്നു വീണിരുന്നു.