പത്തനംതിട്ട| കോന്നി എന്‍ എസ് എസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. എസ് എഫ് ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ സോനു സുനിലിനാണ് മര്‍ദ്ദനമേറ്റത്. സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം. ഇരുപതിലധികം പേര്‍ നിലത്തിട്ട് ചവിട്ടുകയായിരു വെന്ന് സോനു പറയുന്നു. തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റു. കോളേജില്‍ റാഗിംഗ് പതിവായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ പരാതിയിലുണ്ട്.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയും എസ് എഫ് ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിര്‍ദൗസും സീനിയര്‍ വിദ്യാര്‍ഥിയായ അഭിയാനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് സോനു പറയുന്നത്. കൂട്ടമായി ചേര്‍ന്നും മര്‍ദ്ദിച്ചു. സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ട്. സംഭവത്തില്‍ കോളജ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ പ്രതികരണമെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ കുടുംബം പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഫിര്‍ദൗസ്, അഭിയാന്‍ എന്നിവരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.