ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ ധനസഹായം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട റബ്ബർ, ഏലം കർഷകർക്കുള്ള സഹായധനമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്ന കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 324 അപേക്ഷകർക്കായി 1,09,10,332 രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്.ALSO READ : പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാൻ അയാളുമെത്തി; മുപ്പത് വർഷം മുൻപുള്ള തൻ്റെ ജനനകഥയ്ക്ക് നിവാസികളുടെ ദുരിതത്തിൻ്റെ പ‍ഴക്കമെന്ന് തരുണ്‍റബ്ബർ, ഏലം വിളകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ആദ്യഘട്ട വിതരണത്തിൽ റബ്ബർ കൃഷി മേഖലയിൽ മാത്രം 307 അപേക്ഷകളിലായി 1.06 കോടിയിലധികം രൂപ വിതരണം ചെയ്തു. ഇതിൽ കോട്ടയം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ (196 അപേക്ഷകർ) ഉള്ളത്. കൂടാതെ മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലെ കർഷകർക്കും സഹായം ലഭിച്ചു. ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള 17 അപേക്ഷകർക്കായി 2,47,500 രൂപയും അനുവദിച്ചു. നിലവിലെ മാനദണ്ഡമനുസരിച്ച് റബ്ബർ, ഏലം, കാപ്പി കർഷകർക്ക് ഹെക്ടറിന് യഥാക്രമം 75,000 രൂപ, ഒരു ലക്ഷം രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നൽകുന്നത്. പരമാവധി രണ്ട് ഹെക്ടർ വരെയുള്ള കൃഷിഭൂമിക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ചടങ്ങിൽ കർഷകർക്കുള്ള ചെക്കുകൾ മന്ത്രി കൈമാറി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. The post കേര പദ്ധതി: പുനർനടീലിന് ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്തു appeared first on Kairali News | Kairali News Live.