പരീക്ഷക്ക് പോയ സഹോദരങ്ങളെ അമ്മാവന്‍ വഴിയരികില്‍ കാത്തുനിന്ന് അടിച്ചു കൊലപ്പെടുത്തി

Wait 5 sec.

ഭോപ്പാല്‍ |  പരീക്ഷയ്ക്ക് പോയ സഹോദരങ്ങളെ അമ്മാവന്‍ അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭലം. പരീക്ഷാ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡുമായി പോയ സഹോദരിയെയും സഹോദരനെയും സ്വന്തം അമ്മാവന്‍ വഴിയില്‍ കാത്തുനിന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സീഹോര്‍ ജില്ലയിലെ ധരംപുരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.ശീതള്‍ (20), കുല്‍ദീപ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വന്തം അമ്മാവനായ ഹരിസിംഗ് മാളവ്യ ആണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.വീട്ടില്‍ നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടികളെ ഹരിസിംഗ് വഴിയില്‍ കാത്തുനിന്ന് വടികൊണ്ട് മാരകമായി അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള പഴയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടികളുടെ പിതാവ് ജഗദീഷ് മാളവ്യ പറഞ്ഞു. പരീക്ഷയുള്ള ദിവസം കുട്ടികള്‍ ഈ വഴി വരുമെന്ന് മുന്‍കൂട്ടി അറിഞ്ഞ പ്രതി, കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയത്.സിദ്ദിഖ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജു സിംഗ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഗ്രാമത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഹരിസിംഗ് മാളവ്യയ്ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു. കാടുകളിലും മറ്റ് ഒളിത്താവളങ്ങളിലും പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ എസ്.പി സുനിത റാവത്ത് അറിയിച്ചു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.