നീലേശ്വരത്തെ ‘മതില്‍ക്കെട്ട് ;ആകാശപാതയ്ക്കായി ജനകീയ പ്രതിഷേധം ശക്തം

Wait 5 sec.

നീലേശ്വരം |  ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്നു വരുന്ന നിര്‍മ്മാണ രീതി നഗരത്തിന്റെ സ്വാഭാവിക ചലനത്തെ തടസ്സപ്പെടുത്തുന്നതായി പരാതി ഉയരുന്നു. മണ്ണ് നിറച്ച് ഉയര്‍ത്തുന്ന ഇപ്പോഴത്തെ എംബാങ്ക്‌മെന്റ് രീതി നഗരത്തെ കൃത്യമായി രണ്ടായി വിഭജിക്കുകയാണെന്നും ഇത് ജനജീവിതത്തെയും പ്രാദേശിക വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. മലപ്പുറത്തും തിരുവനന്തപുരത്തും ദേശീയ പാത തകരാനിടയായത് ചതുപ്പ് നിലത്ത് മണ്ണിട്ടുയര്‍ത്തിയുള്ള നിര്‍മ്മാണത്തെ തുടര്‍ന്നായിരുന്നു എന്നതിനാല്‍, ഇത്തരം സ്ഥലങ്ങളില്‍ തൂണുകളില്‍ കൂടിയുള്ള നിര്‍മ്മാണം വേണമെന്ന നിലപാട് ദേശീയപാത അതോറിറ്റി നേരത്തെ സ്വീകരിച്ചിരുന്നു. ഈ സാഹചര്യം പരിഗണിച്ച് നീലേശ്വരം പാലം മുതല്‍ രാജാ റോഡ് പ്രവേശന ഭാഗം വരെയെങ്കിലും ആകാശപാത നിര്‍മ്മിക്കാനുള്ള അടിയന്തര ഇടപെടല്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.ദേശീയ പാതയിലെ പഴയ പാലം കോവളം-ബേക്കല്‍ ജലപാതയുടെ ഭാഗമായി പൊളിച്ച് ഉയരം കൂട്ടേണ്ടി വരുമെന്നിരിക്കെ, ആ പാലം നിലനില്‍ക്കുന്നതിനാല്‍ ആകാശപാത പ്രായോഗികമാകില്ലെന്ന നിലപാടാണ് നിലവില്‍ അധികാരികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ കോട്ടപ്പുറം, ഓര്‍ച്ച റോഡുകള്‍ സംഗമിക്കുന്ന ഭാഗത്തെ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ ആകാശപാത അത്യാവശ്യമാണ്. നിലവിലെ മതില്‍ കെട്ടിയുള്ള നിര്‍മ്മാണം നഗരത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാനുള്ള വഴികള്‍ അടയ്ക്കുകയും മാര്‍ക്കറ്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.മണ്ണ് നിറച്ചുള്ള നിര്‍മ്മാണത്തിന് പകരം തൂണുകളിലൂന്നിയ മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ അതിന് താഴെയുള്ള ഭാഗം ഗതാഗതത്തിനും പാര്‍ക്കിംഗിനുമായി ഉപയോഗിക്കാന്‍ സാധിക്കും. പില്ലര്‍ ഫ്‌ലൈഓവര്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും ഒരുപോലെ ഗുണകരമാവുകയുള്ളൂ. നീലേശ്വരത്തിന്റെ വ്യാപാര പ്രതാപത്തെയും തനിമയെയും ബാധിക്കുന്ന ഈ നിര്‍മ്മാണ രീതിയില്‍ മാറ്റം വരുത്താന്‍ ദേശീയപാത അതോറിറ്റിയും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഡിസൈനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം