മനാമ: ജിസിസി രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജിസിസി വാര്‍ത്താവിനിമയ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം ചേര്‍ന്നു. ബഹ്റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂസഫ് മുഹമ്മദ് അല്‍ ബിന്‍ഖലീല്‍ അധ്യക്ഷത വഹിച്ച യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടന്നത്. മാധ്യമരംഗത്ത് സംയുക്ത ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിരുന്നു ഈ യോഗം.സിവില്‍ കേന്ദ്രങ്ങള്‍, സുപ്രധാന സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഫലമായുണ്ടായ സംഭവവികാസങ്ങള്‍ യോഗം അവലോകനം ചെയ്തു. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് യോഗം വിലയിരുത്തി. ഇവ പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും യോഗം നിരീക്ഷിച്ചു.ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ജിസിസി രാജ്യങ്ങള്‍ക്കുണ്ടെന്ന് അണ്ടര്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിലും സൈന്യവും സുരക്ഷാ ഏജന്‍സികളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിലും നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ബഹ്റൈന്‍ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവര്‍ നടത്തുന്ന സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, ജിസിസി വാര്‍ത്താവിനിമയ മന്ത്രിമാരുടെ അടിയന്തര യോഗത്തിലേക്ക് സമര്‍പ്പിക്കേണ്ട സാങ്കേതിക വിഷയങ്ങളും അജണ്ടയും യോഗം ചര്‍ച്ച ചെയ്തു.വ്യാജ വാര്‍ത്തകളും കിംവദന്തികളും തടയുന്നതിനും കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഔദ്യോഗിക മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. ജിസിസി രാജ്യങ്ങളുടെ പൊതുവായ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന ഏകീകൃത മാധ്യമ സന്ദേശത്തിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. വിവരങ്ങളുടെ കൃത്യതയും വ്യക്തതയും ഉറപ്പുവരുത്തിക്കൊണ്ട് പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ ജിസിസിയുടെ മാധ്യമ സാന്നിധ്യം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. The post ഇറാന് ആക്രമണം: സംയുക്ത മാധ്യമ പ്രതിരോധത്തിനൊരുങ്ങി ജിസിസി രാജ്യങ്ങള് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.