അബൂദബി|വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്. മാർച്ച് ആറ് മുതൽ 19 വരെയുള്ള കാലയളവിൽ ലോകമെമ്പാടുമുള്ള 70 കേന്ദ്രങ്ങളിലേക്ക് പരിമിതമായ തോതിൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും വിമാനങ്ങൾ ഉണ്ടാകും.വ്യോമപാതയിലെ സുരക്ഷാ സാഹചര്യങ്ങൾക്കും പ്രവർത്തന അനുമതികൾക്കും വിധേയമായി വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും എല്ലാ കേന്ദ്രങ്ങളിലേക്കും സർവീസുകൾ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കി. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് കമ്പനിയുടെ വെബ്സൈറ്റ് വഴി വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം. കൺഫേം ചെയ്ത ടിക്കറ്റുകൾ ഉള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചു.