വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Wait 5 sec.

തിരുവനന്തപുരം | 25 ദിവസമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാല് മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ നിന്ന് വി ഡി സതീശനെ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.സ്വീകരണറാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും. 25 ദിവസത്തിനിടെ 121 കേന്ദ്രങ്ങളിലാണ് യാത്ര സ്വീകരണം ലഭിച്ചത്. സമാപന സമേളനത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി തുടങ്ങിയവരും പങ്കെടുക്കും.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി രാവിലെ പത്തിന് ശിവഗിരിയില്‍ എത്തും. ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തില്‍ ഇന്നലെ രാഹുല്‍ പങ്കെടുത്തിരുന്നു. ഇടുക്കിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഹുല്‍ ശിവഗിരിയില്‍ എത്തുന്നത്. ശിവഗിരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രാഹുല്‍ ഗാന്ധി പതിനൊന്നരയ്ക്ക് ടെക്‌നോ പാര്‍ക്കില്‍ ഐ ടി പ്രൊഫഷനലുകളുമായി സംവാദം നടത്തും. വൈകീട്ട് പുതുയുഗ യാത്ര സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി യുവാക്കള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവര്‍ക്കായി ഗ്യാരന്റികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.