തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം തലസ്ഥാന നഗരിയിലെ ഗുരുതരമായ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിവന്നാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നു സൂചന നല്‍കി മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷന് മുകളിലാണ് സര്‍ക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപെടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.മന്ത്രി സ്വന്തം വകുപ്പ് നോക്കിയാല്‍ മതിയെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞതിനുള്ള മറുപടിയിലാണ് കോര്‍പറേഷനു മന്ത്രിയുടെ താക്കീത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും തലസ്ഥാനത്ത് ശുചീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വിവാദമായിരിക്കുകയാണ്.ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. മാലിന്യം സംബന്ധിച്ച് ചിലയാളുകള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. സര്‍ക്കാരിന് എല്ലാ ജോലിയും ചെയ്യാന്‍ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തില്‍ തര്‍ക്കത്തിന് വരേണ്ട.ഏതെല്ലാം കാര്യങ്ങളില്‍ ഇടപെടണമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും എന്നാല്‍ കോര്‍പറേഷന്റെ പരാജയം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ മാലിന്യ നീക്കം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്ന് മാലിന്യം നീക്കിയില്ലെങ്കില്‍ ഡി വൈ എഫ് ഐ ഇറങ്ങി വൃത്തിയാക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.