സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, ചെലവ് 100 കോടി രൂപ;പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Wait 5 sec.

ആലപ്പുഴ|വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്‍മിച്ചത്. ഇന്ന് പകല്‍ 11നാണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം. കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്. പെരുമ്പളം പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.വേമ്പനാട്ടുകായലില്‍ ആറര കിലോമീറ്റര്‍ നീളവും രണ്ടുകിലോമീറ്റര്‍ വീതിയുമുള്ളൊരു തുരുത്താണ് പെരുമ്പളം ദ്വീപ്. 14 വാര്‍ഡിലായി 12,000ത്തിലധികമാണ് ദ്വീപിലെ ജനസംഖ്യ. ആലപ്പുഴ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്ത്ര പ്രത്യേകതയുള്ള പ്രദേശമാണ് പെരുമ്പളം ദ്വീപ്.  മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയാണ് ഇവിടുത്തെ താമസക്കാര്‍. പുറംലോകവുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന ഇവിടുത്തെ ആളുകളുടെ വലിയ സ്വപ്നമായിരുന്നു ദ്വീപിന് ഒരു പാലം വേണമെന്ന കാര്യം. ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമര്‍പ്പിക്കും.