പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരന്‍ എഫ് ബി പോസ്റ്റ് നീക്കി

Wait 5 sec.

ആലപ്പുഴ | പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി  സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഫേസ് ബുക്ക് ലൈവ് വിവാദം. ഇന്ന് മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുമ്പോള്‍ ജി സുധാകരന്റെ ഫേസ് ബുക്ക് പേജിലൂടെ ലൈവ് ഉണ്ടാവുമെന്ന് കാലത്ത് അദ്ദേഹത്തിന്റെ പേജില്‍ അറിയിപ്പുണ്ടായി. എന്നാല്‍ ഈ പോസ്റ്റിട്ടത് ജി സുധാകരന്‍ അറിഞ്ഞുകൊണ്ടല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് ഈ പോസ്റ്റിട്ടത് എന്നാണ് വിവരം. മന്ത്രിയും എം എല്‍ എയുമായിരുന്ന സമയത്ത് പാര്‍ട്ടി ഓഫീസില്‍ നിന്നായിരുന്നു ഫേസ് ബുക്ക് ഓപ്പറേറ്റ് ചെയ്തിരുന്നത് എന്നാണ് വിവരം.പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി സുധാകരന്‍. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങില്‍ സുധാകരനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങിലേക്ക് എത്തില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പോസ്റ്ററില്‍ ജി സുധാകരന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് തന്റെ പേജിലുടെ ലൈവ് ഉണ്ടാവുമെന്ന അറിയിപ്പുണ്ടാത്. അതോടെ ജി സുധാകരന്‍ പാര്‍ട്ടിയുമായി സമരസപ്പെടുകയാണെന്ന സൂചന പുറത്തു വന്നിരുന്നു. ആ സാഹചര്യത്തിലാണ് ഈ അറിയിപ്പു നീക്കം ചെയ്യട്ടത്. ജി സുധാകരന് അക്കാര്യം അറിയില്ലെന്നു കുടുംബ പറഞ്ഞതോടെ സുധാകരന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന സൂചന വ്യക്തമായി. ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി സുധാകരനുമായി ആശയ വിനിമയം നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ കൂടക്കാഴ്ച്ചയിലാണ് സി പി എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറിനോടും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഫ് ബി പോസ്റ്റ് നീക്കം ചെയ്തതോടെ സുധാകന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ കുടുംബത്തിന്റെ പിന്തുണയും ഉണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.