പശ്ചിമ ബംഗാള്‍ ബി ജെ പി എം പിക്ക് നേരെ കല്ലേറ്

Wait 5 sec.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്. ഉത്തര മാള്‍ഡയില്‍ നിന്നുള്ള എം പി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞത്. തലക്ക് ഗുരുതര പരുക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു സംഘം. ബി ജെ പി. എം എല്‍ എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരെയും ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ശങ്കര്‍ ഘോഷ് പുറത്തുവിട്ടു. പിന്‍സീറ്റിലിരുന്ന മുര്‍മുവിന് സംഭവിച്ച പരുക്കുകളും വാഹനത്തിനുള്ളിലെ കല്ലുകളുടെയും തകര്‍ന്ന ചില്ലുകളുടെയും അവശിഷ്ടങ്ങളും അദ്ദേഹം വീഡിയോയില്‍ കാണിച്ചു.അക്രമത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്ന് ബി ജെ പി ആരോപിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഈ ഭീരുത്വവും നാണംകെട്ട പ്രവൃത്തിയും ബംഗാളിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും കേന്ദ്ര മന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു. അതേസമയം, ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ്സ് നിഷേധിച്ചു. ഒരുതരത്തിലുള്ള അക്രമത്തെയും തൃണമൂല്‍ പിന്തുണക്കില്ലെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.