തൃശൂര്‍| തൃശൂരില്‍ ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ചികിത്സ വൈകിയ സംഭവത്തില്‍ വിശദീകരണവുമായി ദക്ഷിണ റെയില്‍വെ. തൃശൂര്‍ സ്റ്റേഷനില്‍ ആംബുലന്‍സ് എത്താന്‍ ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങള്‍ ഉണ്ടാക്കിയെന്നും പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലന്‍സ് സ്റ്റേഷനില്‍ വൈകിയെത്തിയതെന്നുമാണ് റെയില്‍വെയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്തിന് ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായില്ലെന്നാണ് റെയില്‍വെയുടെ വിശദീകരണം.മുംബൈ- എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിനില്‍ കുഴഞ്ഞുവീണ ശ്രീജിത്ത് ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പരാതി. മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം നേരം പ്ലാറ്റ്‌ഫോമില്‍ കിടത്തി. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൃശൂരിലേക്ക് വരികയായിരുന്ന ശ്രീജിത്തിന് ഷോര്‍ണൂര്‍ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. സീറ്റില്‍ നിന്ന് ചെരിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തിരുന്ന സുഹൃത്താണ് സഹയാത്രികരെ വിവരമറിയിച്ചത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ സ്റ്റേഷനില്‍ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.