തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയാന്‍ നവകേരള ക്ഷേമ സര്‍വേയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തി ജനഹിതം മനസിലാക്കാനുള്ള വലിയ രീതിയിലുള്ള സര്‍വേ നടത്താനാണ് പദ്ധതി.സര്‍വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍വ്വഹിക്കുക. സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ലക്ഷ്യം. ഇതിന് പുറമെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വേ മാതൃകയില്‍ കോളജ് വിദ്യാര്‍ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.തുടര്‍ഭരണം ലക്ഷ്യമിട്ട് ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഇതിന് പുറമേയാണ് ജനഹിതം അറിയാന്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.