ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലില്‍ ധാരണയായി: ട്രംപ്

Wait 5 sec.

വാഷിങ്ങ്ടണ്‍ | ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലില്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ നേരിട്ട് ഈജിപ്തിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്‌റാഈലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചു.ആദ്യഭാഗം നിലവില്‍ വരുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്‌റാഈലി സൈന്യം മുന്‍ നിശ്ചയിച്ച പിന്‍വാങ്ങല്‍ രേഖയിലേക്ക് മാറും. ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ഗസയിലേക്ക് മനുഷ്യാവകാശ സഹായം കടത്തിവിടുക എന്നിവയാണ് കരാറിന്റെ ആദ്യപടി. അറബ് ഇസ്ലാമിക ലോകത്തിന് ഇതൊരു മഹത്തായ ദിനമാണെന്നും ട്രംപ് പ്രതികരിച്ചു. മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും നന്ദി പറഞ്ഞ ട്രംപ് ഇരുപക്ഷത്തുമുള്ളവരെ ഒരുപോലെ പരിഗണിക്കുമെന്നും മേഖലയില്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനം ഉണ്ടാകുമെന്നും പറഞ്ഞു.ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന പ്രപഖ്യാപനവുമായി ട്രംപിന് പിന്നാലെ ഇസ്‌റാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. ഹമാസും ഇസ്‌റാഈലും സമാധാന പദ്ധതിയുടെ ആദ്യഭാഗം അംഗീകരിച്ചതായി ഖത്തര്‍ ഒദ്യോഗിക വക്താവ് മജേദ് അല്‍ അന്‍സാരിയും പറഞ്ഞു. ഗസ്സയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന പ്രസ്താവന ഹമാസ് ടെലഗ്രാം വഴി പുറപ്പെടുവിച്ചു.ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിന്മാറ്റവും ബന്ദി-തടവുകാര്‍ കൈമാറ്റവും കരാര്‍ പ്രകാരം നടക്കുമെന്ന് ഹമാസ് അറിയിച്ചു. കരാര്‍ അംഗീകരിക്കാന്‍ മന്ത്രിസഭ ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.