സുപ്രീം കോടതിയെ പോലും വെല്ലുവിളിച്ചുകൊണ്ട് ബിഹാര്‍ മാതൃകയില്‍ രാജ്യത്താകെ വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) നടപ്പാക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ തന്നെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന വഴി ദേശീയ പൗരത്വ രജിസ്റ്റര്‍ മറ്റൊരു വഴിക്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് സംഘ്പരിവാര്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന ആശങ്ക ശരിവെക്കുന്നതാണ്. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന നടപ്പാക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് പന്ത്രണ്ടാമത്തെ രേഖയായി പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാര്‍ പൗരത്വം തെളിയിക്കാനോ വാസസ്ഥാനം തെളിയിക്കാനോ ജനന തീയതി തെളിയിക്കാനോ മതിയായ രേഖയല്ലെന്നും വോട്ടിനുള്ള യോഗ്യത തെളിയിക്കാന്‍ മറ്റ് രേഖകള്‍ ആവശ്യമാണെന്നുമാണ് പറയുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ്‌കുമാര്‍ പാറ്റ്‌നയില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ പരസ്യമായി തള്ളിക്കളഞ്ഞത്. ഇത് കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ എസ് എസ് അജന്‍ഡയില്‍ നിന്നുള്ള നീക്കമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പൗരത്വ രജിസ്റ്റര്‍ ഒളിച്ചുകടത്താനും ദളിതരെയും ന്യൂനപക്ഷങ്ങളെയും കൂട്ടമായി പുറന്തള്ളാനുമുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായി സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ എസ് എസ് താത്പര്യത്തിന് വഴങ്ങി ആധാര്‍ വോട്ടിനുള്ള അടിസ്ഥാന രേഖയല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് കാണുന്നത്. ഇത് അത്യന്തം ജനാധിപത്യവിരുദ്ധമായ നീക്കമാണ്. എസ് ഐ ആര്‍ നടപ്പാക്കുന്നതിലൂടെ ബിഹാറില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ സമ്മതിദാനാവകാശമാണ് നഷ്ടപ്പെടുത്താന്‍ നോക്കുന്നത്.ഇതുസംബന്ധമായി സുപ്രീം കോടതിക്ക് മുമ്പില്‍ വന്ന നിരവധി ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞ സെപ്തംബര്‍ എട്ടിന് പരമോന്നത കോടതി ആധാറിനെ വോട്ടിനുള്ള പന്ത്രണ്ടാം രേഖയായി പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. എന്നാലിപ്പോള്‍ കോടതി നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ കമ്മീഷന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സും സി പി ഐ(എം)ഉം സി പി ഐ(എം എല്‍)ഉം ആര്‍ ജെ ഡിയുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിനെയും പൗരത്വത്തെയും കൂട്ടിക്കെട്ടാനുള്ള കമ്മീഷന്റെ നീക്കങ്ങളെ നിശിതമായി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.സുപ്രീം കോടതി, വിധിയില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനോട് കൃത്യമായി ചോദിച്ചത്; പൗരത്വം നിങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ എന്നാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ് പൗരത്വമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അനഭിമതരായ ജനസമൂഹങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നും പൗരത്വത്തില്‍ നിന്ന് തന്നെയും പുറന്തള്ളുന്നതിനുള്ള സംഘ്പരിവാര്‍ രാഷ്ട്രീയമാണ് എസ് ഐ ആര്‍ എന്ന് തിരിച്ചറിയണം. അതാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രകടിപ്പിക്കപ്പെടുന്നത്. ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ന്യൂനപക്ഷങ്ങളെയും ദളിതുകളെയുമെല്ലാം യുക്തിരഹിതമായി പുറന്തള്ളുകയാണുണ്ടായത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 83 ലക്ഷം പേരെയാണ് ഒഴിവാക്കിയത്.ഇത് ദേശീയതലത്തില്‍ തന്നെ നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരള നിയമസഭ ഇതിനെതിരെ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയും പൗരത്വത്തെയും വോട്ടര്‍ പട്ടികയെയും കൂട്ടിക്കെട്ടാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോള്‍ ഉള്ളത്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടി വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം കൊണ്ടുവരാനുള്ള തിടുക്കപ്പെട്ട നീക്കങ്ങള്‍ പ്രതിരോധിക്കപ്പെടുകതന്നെ വേണം. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ തീവ്ര പരിശോധനാ പ്രക്രിയ തിടുക്കപ്പെട്ട് നടത്തുന്നത് ജനവിധിയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ്. അതുകൊണ്ടാണ് തീവ്ര പരിഷ്‌കരണം അടിച്ചേല്‍പ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.കേരളത്തില്‍ ഡിസംബറില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2026ല്‍ അസംബ്ലി തിരഞ്ഞെടുപ്പും നടക്കും. ഈയൊരു സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ് ഐ ആര്‍ നടപ്പിലാക്കുന്നത് അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്, സംഘ്പരിവാര്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് എന്ന കാര്യത്തിലൊന്നും സംശയമില്ല. ഇതിനു മുമ്പ് 2002ലാണ് സംസ്ഥാനത്ത് വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന നടന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് പുനഃപരിശോധനയെന്നത് അത്രമാത്രം അശാസ്ത്രീയമാണെന്ന് കാണണം. നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന നിര്‍ദേശങ്ങളാണ് എസ് ഐ ആര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. 1987ന് ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വ രേഖ കൂടി ഹാജരാക്കിയാലേ വോട്ടറാകൂ എന്നാണ് നിബന്ധന. 2003ന് ശേഷം ജനിച്ചവര്‍ പിതാവിന്റെയോ മാതാവിന്റെയോ രേഖകള്‍ സമര്‍പ്പിച്ചാലേ വോട്ടറാകൂ എന്നും വ്യവസ്ഥയുണ്ട്. ഇത് ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്.രേഖകളില്ലാത്തതിന്റെ പേരില്‍ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയെന്നത് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നീക്കമാണെന്നു തന്നെ കാണണം. ഇത്തരം എസ് ഐ ആര്‍ നിര്‍ദേശങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതിലേക്കാണ് എത്തുക. ന്യൂനപക്ഷ സമൂഹങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, ദരിദ്ര കുടുംബങ്ങള്‍ എന്നിവരാണ് ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുക. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കൗശലപൂര്‍വമുള്ള പ്രയോഗമാണ്, അതിനായി എസ് ഐ ആറിനെ ഉപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥക്കെതിരായ വെല്ലുവിളിയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയും എസ് ഐ ആറുമെല്ലാം വ്യക്തമാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് തങ്ങള്‍ക്കനഭിമതമായ ജനസമൂഹങ്ങളെ സമ്മതിദാനാവകാശത്തില്‍ നിന്നും പൗരത്വത്തില്‍ നിന്നും പുറന്തള്ളാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത് എന്നാണ്. ബി ജെ പിയുടെ ഇത്തരം ആവശ്യങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് എന്‍ ഡി എയിലെ ഘടക കക്ഷിയായ ജെ ഡി യുവിന് തന്നെ പരസ്യപ്രസ്താവന ഇറക്കേണ്ടിവന്നിരിക്കുന്നു. വോട്ടര്‍മാരെ തിരിച്ചറിയാനുള്ള ഐഡന്റിറ്റി കാര്‍ഡ് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുര്‍ഖ വിവാദമുയര്‍ത്തുന്നതിന് പിന്നില്‍ സംഘ്പരിവാറിന്റെ മുസ്ലിംവിരുദ്ധ അജന്‍ഡയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇക്കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണ്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ എസ് എസിന്റെ ഇംഗിതമനുസരിച്ച് നിന്നുകൊടുക്കുകയാണെന്ന അത്യന്തം ഗുരുതരമായ അവസ്ഥയെക്കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.