സ്‌കൂളുകളിൽ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കണം: വനിതാ കമ്മീഷൻ

Wait 5 sec.

വിദ്യാഭ്യാസ വകുപ്പ് കൃത്യമായ നിർദേശം നൽകിയിട്ടും സംസ്ഥാനത്തെ പല സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ഇത് ഗുരുതരമായ വീഴ്ചയാണ്. പേരിന് കമ്മിറ്റികൾ രൂപീകരിച്ച ചില സ്‌കൂളുകളിൽ നിയമം അനുസരിക്കുന്ന വിധത്തിലല്ല പ്രവർത്തനം. ദിവസവേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന അധ്യാപകരുടെ നിരവധി പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. മാന്യമായ പെരുമാറ്റവും നീതിപൂർവകമായ തൊഴിൽ അന്തരീക്ഷവും എല്ലാവര്ക്കും ലഭിക്കേണ്ടതാണ്. സ്ഥിരം അധ്യാപകർക്ക് ലഭിക്കുന്ന നീതിപൂർവകമായ അവകാശങ്ങൾ ദിവസവേതനക്കാർക്കും ഉറപ്പാകേണ്ടതുണ്ട്. തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.മെറ്റേർണിറ്റി ബെനിഫിറ്റ് നൽകാതിരിക്കുക, അധികസമയം ജോലിയെടുപ്പിക്കുക, ശുചിമുറികളുടെ അപര്യാപ്തത തുടങ്ങിയ നിരവധി പരാതികളാണ് വിവിധ തൊഴിലിടങ്ങളിൽ നിന്ന് കമ്മീഷന് ലഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ വിവാഹേതരബന്ധങ്ങൾ കുട്ടികളുടെ മനസികവളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുമെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും അഡ്വ. പി സതീദേവി പറഞ്ഞു.രണ്ടു ദിവസങ്ങളിലായി നടന്ന കമ്മീഷൻ സിറ്റിങ്ങിൽ മുന്നൂറോളം പരാതികൾ പരിഗണിച്ചു. 63 എണ്ണം പൂർണ്ണമായും പരിഹരിച്ചു. 219 എണ്ണം അടുത്ത അദാലത്തിന്റെ പരിഗണനയ്ക്കായി മാറ്റി. 6 എണ്ണം കൗൺസിലിംഗിന് നൽകി. 12 എണ്ണത്തിൽ പോലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. കുഞ്ഞായിഷ പി, വി. ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, സി. ഐ. ജോസ് കുര്യൻ, എസ്. ഐ. മഞ്ചു തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.