ഇത്തിഹാദ് റെയിൽ യാത്ര നടത്തി വിദേശ വ്യാപാര മന്ത്രി

Wait 5 sec.

ദുബൈ| ഇത്തിഹാദ് റെയിലിൽ പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനത്തിന് മുമ്പുള്ള യാത്രയിൽ യു എ ഇയുടെ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ് മദ് അൽ സിയൂദി പങ്കെടുത്തു. ദുബൈയിലെ അൽ ഖുദ്രയിൽ നിന്ന് ഫുജൈറയിലേക്കായിരുന്നു യാത്ര. ഇത്തിഹാദ് റെയിൽ ശൃംഖല പാസഞ്ചർ, ചരക്ക് ഗതാഗതത്തിൽ പരിവർത്തനപരമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.“ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾ യു എ ഇയുടെ ഗതാഗത ശൃംഖലയെ വികസിപ്പിക്കുന്നതിലും നവീകരിക്കുന്നതിലും നിർണായക ചുവടുവെപ്പാണ്. ഇത് താമസക്കാർക്ക് മികച്ച ബന്ധം നൽകുകയും, സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണക്കുകയും, പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് കുറക്കാൻ സഹായിക്കുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു.ഗതാഗതത്തിന്റെ കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമായ ഭാവിയെ പിന്തുണക്കുന്നതാണ് പാസഞ്ചർ സർവീസ് എന്ന് സി ഇ ഒ ശാദി മാലിക് പറഞ്ഞു.ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ ഓടും. ഇത് യാത്രാസമയം ഗണ്യമായി കുറക്കും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് ഏകദേശം 57 മിനിറ്റ് കൊണ്ടും റുവൈസിലേക്ക് ഏകദേശം 70 മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് ഏകദേശം 105 മിനിറ്റ് കൊണ്ടും എത്താൻ സാധിക്കും. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ വഹിക്കാൻ സാധിക്കും.