കോഴിക്കോട്: ബംഗാളിൽ നിന്നെത്തി കോ‍ഴിക്കോട് മോഷണം നടത്തി മുങ്ങിയ അന്തർ സംസ്ഥാന മോഷ്ടാവിനെ ബംഗാളിൽ ചെന്ന് പിടികൂടി കേര‍ളാ പൊലീസ്. ചേവായൂർ – ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നും 45 പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.ക‍ഴിഞ്ഞ മാസം 29 ന് പുലർച്ചെ ചേവരമ്പലം പുതിയോട്ടിൽ പറമ്പിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീടിന്‍റെ മുൻഭാഗത്തെ വാതിൽ തകർത്ത് 45 പവനോളം സ്വർണാഭരണങ്ങളും, 10,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഡോക്ടറും കുടുംബവും സ്വദേശമായ തിരുവനന്തപുരത്തുള്ള വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ALSO READ; കാസർകോഡ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം: ഡ്രൈവർക്കെതിരെ അസഭ്യവർഷം; സൈഡ് ഗ്ലാസ് അടിച്ച് തകർത്തുസിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പോക്കുവരവുകൾ മനസിലാക്കിയ പൊലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ നിന്നും പ്രതിയെ പറ്റിയും, ഇയാൾ ബംഗാൾ സ്വദേശിയാണെന്നും മനസ്സിലാക്കുകയായിരുന്നു. അന്വേഷണസംഘം പ്രതി വെസ്റ്റ് ബംഗാളിലെ റാൺഘട്ട് എന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി വിമാനമാർഗം ഉടൻ റാൺഘട്ടിലെത്തുകയും, റാൺഘട്ട് പൊലീസിന്‍റെ സഹായത്തോടെ പ്രതിയുടെ താമസ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.പ്രതിയായ തപസ് കുമാർ സാഹ ഹെറോയിൻ, കൊക്കെയിൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. ഇയാൾക്ക് ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളും, മയക്കുമരുന്ന് കേസ്സുകളും നിലവിലുണ്ട്. ട്രെയിൻ മാർഗ്ഗം ഒറ്റയ്ക്ക് സഞ്ചരിച്ച് മോഷണം നടത്തി അന്നുതന്നെ തിരിച്ചു പോകുന്നതാണ് പ്രതിയുടെ മോഷണരീതി.മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ്. എ യുടെ നേതൃത്വത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ നിമിൻ കെ ദിവാകരൻ, മിജോ ജോസ്, സിപിഒ വിജ്നേഷ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ്, പ്രജിത്ത് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.The post ബംഗാളിൽ നിന്നെത്തി 45 പവനും മോഷ്ടിച്ച് മുങ്ങിയ പ്രതിയെ തിരിച്ച് ബംഗാളിൽ ചെന്ന് പൊക്കി കേരളാ പൊലീസ്; പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ് തപസ് കുമാർ സാഹ appeared first on Kairali News | Kairali News Live.