തളിപ്പറമ്പ് | കണ്ണൂര്‍ തളിപ്പറമ്പില്‍ കടകളില്‍ കത്തിപ്പടര്‍ന്ന തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. 12 അഗ്നിശമന സേനാ യൂനിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രിച്ചത്.കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്നാണ് തീയണച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.നഗരത്തില്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകള്‍ക്കാണ് ഇന്ന് വൈകിട്ടാണ് തീ പിടിച്ചത്. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ആദ്യം ചെരുപ്പു കടയിലേക്ക് തീപടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തളിപ്പറമ്പില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തീയണയ്ക്കാന്‍ കഴിയാതായതോടെ കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍, പെരിങ്ങോം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെല്ലാം ഫയര്‍ യൂണിറ്റുകള്‍ എത്തി. തീപ്പിടിത്തത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.