ഒരിറ്റു വെള്ളത്തിനായും ഒരു നേരത്തെ ഭക്ഷണത്തിനായുമുള്ള, ഗാസയിലെ അസ്ഥികൂടങ്ങളായ കുഞ്ഞുങ്ങളുടെ ദയനീയമായ കരച്ചിൽ. മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങളെ മാറോടണച്ച് കരയുന്ന, പോഷകാഹാരം കഴിക്കാത്തതിനാല്‍ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ, ശുഷ്കിച്ച ശരീരമുള്ള കുട്ടികളെ ദയനീയമായി നോക്കി നിൽക്കുന്ന അമ്മമാർ. കുടുംബത്തിലേക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ടാങ്കറുകൾക്കും ട്രക്കുകൾക്കും പിന്നാലെ, തളർന്നിട്ടും നിർത്താതെ ഓടുന്ന മനുഷ്യർ. അവര്‍ക്കുനേരെ പാഞ്ഞടുത്ത്, ചുട്ടുചാമ്പലാക്കുന്ന മിസൈലുകള്‍. ഇതിനെല്ലാം പശ്ചാത്തലമായി ചാരമായി അവശേഷിച്ച, ഭൂപടത്തിൽ എത്ര പരതിയാലും കാണാത്ത പലസ്തീൻ. ഇസ്രയേൽ എന്ന തെമ്മാടി രാഷ്ട്രത്തിന്റെ കൊടുംക്രൂരതകൾ തുറന്നുകാട്ടുന്ന വീഡിയോകൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം നമുക്ക് കാണാം. അവ മനുഷ്യത്വം വറ്റാത്ത ആരുടെയും ഹൃദയം മുറിപ്പെടുത്തും, കണ്ണീരിലാഴ്ത്തും. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ പ്രത്യാക്രമണമാണ് പലസ്തീനിന്റെ ദുരിതത്തിന് കാരണമെന്ന് ഇപ്പോഴും പറയുന്നവർ അനേകമുണ്ട് നമുക്കിടയിൽ. ആ കൂട്ടത്തിൽപ്പെട്ടവരാണ് നിങ്ങളെങ്കിൽ, കുറച്ചു കാര്യങ്ങൾ പറയാനുണ്ട്….രണ്ടു വർഷത്തിനുള്ളിൽ മാത്രം 67000-ത്തിലധികം പലസ്തീനികളെയാണ് ഇസ്രയേൽ നിർദയം കൊന്നൊടുക്കിയത്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ പ്രത്യാക്രമണമാണ് ഇതിന് കാരണം എന്നല്ലേ, ചരിത്രം പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഇസ്രയേൽ ഫാൻസുകാർ പറയുന്നത്. അങ്ങനെയെങ്കിൽ ചോദിക്കട്ടെ, നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം 1948 മുതലുള്ള ഈ കാലം വരെ, ഒന്നര ലക്ഷത്തിനടുത്ത് പലസ്തീനികളുടെ ജീവനുകളാണ് ഇസ്രായേൽ ഇല്ലാതാക്കിയത്. അതായത്, ഈ രണ്ടുവർഷം കൊണ്ടുമാത്രം ഇസ്രയേൽ ഇല്ലാതാക്കിയ പലസ്തീനികളുടെ കണക്കിനേക്കാൾ ഇരട്ടിയിലധികം വരും ആ കണക്ക്. അപ്പോൾ പിന്നെ നിങ്ങൾ എങ്ങനെ ഒൿടോബർ 7നെയും ഹമാസിനെയും പ്രതിസ്ഥാനത്ത് നിർത്തും. ഒക്ടോബർ 7ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലിലെ സാധാരണക്കാരുടെ ജീവനും വിലപ്പെട്ടതാണ്, അതു മറന്നു കൊണ്ടല്ല പറയുന്നത്. അഭയം നൽകിയ നാടിനെയും നാട്ടുകാരെയും ബോംബുകളും മിസൈലുകളും കൊണ്ട് ഇല്ലാതാക്കി, പലസ്തീൻ ഭൂപടത്തെ ഇസ്രയേൽ വിഴുങ്ങിയതാണ് യഥാർത്ഥ കാരണമെന്ന് ചരിത്രം മാത്രം മാനദണ്ഡമാക്കുന്നവർക്ക് ബോധ്യമുള്ളതാണ്. പക്ഷേ, വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കള്ളങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്ക് അങ്ങനെ ആകണമെന്നില്ല. പലസ്തീനോടുള്ള ഇസ്രയേലിന്റെ കൊടുംക്രൂരതകൾക്കെതിരെ, ജീവനും മണ്ണിനുമായും കേഴുന്നവർ നൽകിയ പ്രത്യാക്രമണമാണ് അത്. ഇസ്രയേലിന്റെ ക്രൂരമായ നരനായാട്ടിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആ കാലയളവിനിടെ മാത്രമാണ് ഇങ്ങനെ ഒരു സംഭവമുണ്ടായതെന്ന് ഇസ്രയേൽ ആരാധകർ ഓർക്കണം. അപ്പോള്‍ പിന്നെ 1987ല്‍ മാത്രം രൂപീകൃതമായ ഹമാസിനെ നിങ്ങള്‍ എങ്ങനെ കുറ്റപ്പെടുത്തും. 1917 മുതല്‍ 2012 വരെയുള്ള പലസ്തീനിന്‍റെ ഭൂപടം ഗൂഗിളില്‍ ലഭ്യമാണ്. അതൊന്ന് എടുത്തുനോക്കിയാല്‍ വ്യക്തമാകും ഇസ്രയേലിന്‍റെ ക്രൂരമായ അധിനിവേശം.സമാധാനശ്രമം ശക്തമായിരിക്കെ പലസ്തീനികളെ ഇപ്പോഴും കൊന്നൊടുക്കാൻ കാരണം ഹമാസ് എന്നാണോ നിങ്ങൾ കരുതുന്നത് ?. ഹമാസിനെ നിങ്ങൾ ഒരു ഭീകര സംഘടനയായ ആണോ കാണുന്നത് ?. എങ്കിൽ പറയട്ടെ, ഐക്യരാഷ്ട്രസഭ ഹമാസിനെ ഇതുവരെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിലിന്മേൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ യൂണിയന്റെയും അടക്കം കടുത്ത സമ്മർദമുണ്ടായിട്ടും അവര്‍ അതിനായി ഇടപെട്ടില്ല, ആ വാദത്തിന് ചെവികൊടുത്തില്ല. പലസ്തീനികളുടെ വിമോചന സംഘടനയായിട്ടാണ് യു എൻ ഹമാസിനെ കാണുന്നത്. ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്ന് പറയുന്നവരെ നിങ്ങൾ തീവ്രവാദികളായാണോ കാണുന്നത് ?. എങ്കിൽ ചോദിക്കട്ടെ ഹമാസ് ഒരു ഭീകര സംഘടന അല്ലെന്ന് പറയുന്ന ഐക്യരാഷ്ട്രസഭയെയും നിങ്ങൾ അങ്ങനെ വിളിക്കുമോ ?. ഇതിന്റെ പേരിൽ ഐക്യരാഷ്ട്രസഭയ്ക്കുമേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം നടത്തിയിട്ട് പോലും ആ സംഘടന അതിന് നിന്നിട്ടില്ലെന്നത് നിങ്ങൾ ഓർക്കണം. ഇസ്രയേലിന്റെ മൂടുതാങ്ങികളായി മാറി, ജൂത രാജ്യത്തിന്റെ നരഹത്യ കണ്ടില്ലെന്ന് നടിച്ച് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യു കെ, യൂറോപ്യന്‍ യൂണിയൻ എന്നിവരുടെ മാത്രം വ്യാഖ്യാനമാണ് ഹമാസ് ഒരു ഭീകര സംഘടനയാണെന്നത്. അതിനെ അവർക്കുവേണ്ടി മാത്രം നിൽക്കുന്ന മാധ്യമങ്ങളും ഇസ്രയേലിന്റെ ഫാൻസുകാരായ ആരാധകരും മാത്രമാണ് പിന്തുണച്ചത്. ഉള്ളതുപറഞ്ഞാല്‍ ഈ രാജ്യങ്ങളിൽ നിന്നുപോലും പലസ്തീനെ പിന്തുണയ്ക്കുന്ന അനേകരുണ്ട്. പട്ടിണി കോലങ്ങളായ പലസ്തീനികൾക്ക് ഒരു നേരത്തെ വെള്ളവും ഭക്ഷണവും നല്‍കാന്‍ പെടാപ്പാടുപെടുന്ന വലിയൊരു വിഭാഗം ആളുകൾ ഈ നാടുകളിൽ ഇപ്പോഴുമുണ്ടെന്നത് വസ്തുതയാണ്.പലസ്തീനികളെ പൂർണമായും ഇല്ലാതാക്കിക്കൊണ്ട് പലസ്തീൻ എന്ന രാഷ്ട്രം പിടിക്കുക എന്നത് ഒരു ജൂത വികാരമാണ്. അതുകൊണ്ടുതന്നെ ആ വികാരം ആളിക്കത്തിക്കുക, ഹമാസിനെ പഴിചാരി അതിനായി നിലകൊള്ളുക എന്നത് ജൂതരാഷ്ട്രത്തിന്‍റെ അടിസ്ഥാന നിലപാടാണ്. ആ വികാരം വളര്‍ത്തിവലുതാക്കിയവരാണ് ഇസ്രയേലിലെ ഓരോ ഭരണാധികാരികളും. അതുതന്നെയാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോൾ ചെയ്യുന്നതും. ഭരണവിരുദ്ധവികാരം മറയ്ക്കാനും അധികാരത്തില്‍ കടിച്ചുതൂങ്ങിനില്‍ക്കാനും ഇതിനേക്കാള്‍ നല്ലത് മറ്റെന്തുണ്ട് അവര്‍ക്ക്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയിൽ ബെഞ്ചമിൻ നെതന്യാഹു സംസാരിക്കവെ യുഎന്‍ പ്രതിനിധികൾ കൂക്കിവിളിച്ചുകൊണ്ട് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. ഐക്യരാഷ്ട്രസഭയിലെ ഒഴിഞ്ഞ കസേരകളെ നോക്കിയാണ് നെതന്യാഹുവിന് പ്രസംഗിക്കേണ്ടി വന്നത്. ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിനെ ഒരു രാഷ്ട്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതുപോലും കണ്ടില്ലെന്ന് നടിച്ചല്ലേ ഇസ്രയേൽ പലസ്തീനികളെ കൊന്നൊടുക്കുന്നത്. നരഹത്യ തുടരുന്ന ഇസ്രയേലിനെയല്ലേ യഥാര്‍ത്ഥത്തില്‍ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് ?. അതിനായി പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ സൈന്യത്തിനെയല്ലേ ഭീകരസംഘടനയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. നെതന്യാഹുവിനെ ആഗോള ഭീകരനായി ചാപ്പകുത്തേണ്ടതല്ലേ ?. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ലെന്നത് വലിയ ചോദ്യമാണ്.ജൂതമതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം നൽകുന്ന ഒരേയൊരു രാജ്യമാണ് ഇസ്രയേൽ. ലോകത്തിന്റെ ഏത് ഭാഗത്തുനിന്ന് വരുന്ന ജൂതന്മാർക്കും അവർ പൗരത്വം നൽകും. അങ്ങനെ ഈ കാലം വരെ വന്ന എല്ലാ ജൂതന്മാർക്കും അവർ പൗരത്വം നൽകി, താമസം നൽകി. അതിനെ ആ രാജ്യത്തിന് എങ്ങനെ സ്ഥലവും സൗകര്യവും കിട്ടിയെന്ന് നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍ അതിനുള്ള ഉത്തരമാണ് ഭൂപടത്തിൽ പലസ്തീനിനെ കാണാതായതും ഇസ്രയേലിന്റെ ഭൂപടം വികസിച്ചതും. ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾ തെല്ലും വകവയ്ക്കാതെയാണ് പലസ്തീനികളുടെ ഭൂമികൾ പിടിച്ചെടുത്ത് ജൂതന്മാർക്ക് ഇസ്രയേൽ വീടൊരുക്കുന്നതെന്ന് ചുരുക്കം. ഹമാസിനെ കുറ്റം പറയുന്ന നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ പ്രഖ്യാപിച്ചത് 5 സെറ്റിൽമെന്റ് ആണ്. വെസ്റ്റ് ബാങ്കും ഗാസയുമൊന്നും ഇസ്രയേലിന്റെ ഭാഗമേയല്ലെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. അങ്ങനെയുള്ള വെസ്റ്റ് ബാങ്കിലാണ് ഇസ്രയേലിന്റെ 144 സെറ്റിൽമെന്‍റുകളാണുള്ളത്. ഇങ്ങനെയുള്ള ഇടത്ത് 5 ലക്ഷം ജൂതന്മാരാണ് താമസിക്കുന്നത്. പലസ്തീനികളുടെ ചോരയും ചാരവുമുള്ള മണ്ണ് കൈയടക്കിയാണ് ഇവർ താമസിക്കുന്നുവെന്നത് മനുഷ്യത്വമുള്ളവരെ നടുക്കുന്നതാണ്. അവശേഷിക്കുന്ന പലസ്തീനികളെയും ഇല്ലാതാക്കാൻ എല്ലാ ഇടങ്ങളിലും ഇസ്രയേൽ സൈനിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയാണ്. അതായത് സ്വന്തം നാട്ടിൽ ഒന്ന് അനങ്ങി നടക്കണമെങ്കിൽ ഇസ്രയേലിന്റെ അനുവാദം വേണമെന്ന് ചുരുക്കം. ഇസ്രയേല്‍ സൈന്യത്തിന്റെ അനുവാദം ലഭിക്കാതെ ചെക്ക് പോസ്റ്റുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന പലസ്തീനിലെ അനേകം കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള അനേകര്‍ക്കാണ് പലകാലങ്ങളായി ജീവൻ നഷ്ടമായത്.പലസ്തീനികള്‍ക്ക് സ്വന്തം മണ്ണില്‍ വീടുവെക്കാന്‍ ഇസ്രയേലിന്റെ കൈയില്‍ നിന്ന് പെര്‍മിറ്റ് വാങ്ങേണ്ട സ്ഥിതിയുണ്ടെന്നത് എത്ര വിചിത്രമാണ്. പലസ്തീനികള്‍ക്ക് ഒരിക്കലും പെര്‍മിറ്റ് കൊടുക്കാത്തതുകൊണ്ട്, പല നിര്മിതികളും അനധികൃതമായിട്ടാണ് ജൂതരാഷ്ട്രം കാണുന്നത്. എപ്പോൾ വേണമെങ്കിലും പൊളിച്ചുകളയാൻ ഇത് ഇസ്രയേലിനെ സഹായിക്കുന്നതിനാല്‍ 2009 മുതൽ പതിനായിരത്തോളം വീടുകളാണ് അവര്‍ ചാരമാക്കിക്കളഞ്ഞത്. അതടക്കം ലക്ഷക്കണക്കിനു പലസ്തീനികളെ സ്വന്തം രാജ്യത്തുനിന്നും ആട്ടിപ്പായിച്ചു. അങ്ങനെ എല്ലതരത്തിലും ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തെ നിഷ്കരുണം ഇല്ലാതാക്കുകയാണ് ഇസ്രയേല്‍. പലസ്തീനിനെ തള്ളിപ്പറഞ്ഞ്, ഇസ്രയേലിന്‍റെ എല്ലാ കൊള്ളരുതായ്മളെയും ന്യായീകരിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ കൂടിപറയാം. പലസ്തീനിനെ വേട്ടയാടുന്നതില്‍ ഇസ്രയേലിലെ ഒരു വിഭാഗം ആളുകള്‍ക്ക് കടുത്ത കുറ്റബോധം വന്നുതുടങ്ങിയിട്ടുണ്ട്. നല്ലൊരു ശതമാനം ഇസ്രയേല്‍ സൈനികരാണ് പലസ്തീനിനെ ആക്രമിക്കുന്ന നടപടികളോട് വിയോജിപ്പുമായി രംഗത്തെത്തിയത്. തങ്ങള്‍ കൊന്നൊടുക്കിയ, ദിവസങ്ങളുടെ പ്രായംപോലുമില്ലാത്ത കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ നിന്ന് മായത്തതിനാല്‍ ഉറങ്ങാന്‍പോലുമാകുന്നില്ലെന്ന് പറഞ്ഞ് വലിയ കുറ്റബോധം പേറി നടക്കുന്ന അനേകം സൈനികരുണ്ട്, ഇസ്രയേില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പിന്തിരിഞ്ഞതിനാല്‍ ഇസ്രയേലിലെ ജയിലിലുള്ളത് അനേകം സൈനികരാണ്. പുറമെ, ഇതേ മനോഭാവവുമായി സാധാരണക്കാരായ നിരവധി ഇസ്രയേല്‍ പൗരരരുണ്ട്. അവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നെന്നാണ് കൗണ്‍സിലിങ്ങിന് ഇസ്രയേല്‍ പൗരര്‍ വിധേയരാകുന്നതിലൂടെ വ്യകതമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെഞ്ചമിന്‍ നെതന്യാഹുവിനെപ്പാം നിന്ന പല രാജ്യങ്ങളും പലസ്തീനിനെ പിന്തുണയ്ക്കുന്ന നിലയിലേക്കെത്തി. അന്താരാഷ്ട്ര കുറ്റവാളിയായി കണ്ട് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ ഇസ്രയേലിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് അദ്ദേഹത്തിന്. ഇങ്ങനെ എല്ലാ രീതിയിലും ഇസ്രയേല്‍, ലോകത്ത് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്, അതേസമയം പലസ്തീനികള്‍ക്കായുള്ള പിന്തുണ ശക്തിപ്പെടുകയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിട്ടും ഇനിയും നിങ്ങള്‍ ഹമാസിനെ കുറ്റപ്പെടുത്തി, ഇസ്രയേലിന്‍റെ പലസ്തീന്‍ വേട്ടയെ ന്യായീകരിക്കുന്നെങ്കില്‍ കാലം നിങ്ങളെയും ഒറ്റപ്പെടുത്തും, നിഷ്കകരുണം വേട്ടയാടും.The post ഒക്ടോബര് 7ലെ ഹമാസ് പ്രത്യാക്രമണമല്ല പലസ്തീന് വംശഹത്യക്ക് കാരണം; അങ്ങനെ വാദിക്കുന്നവരോട് പറയാനുള്ളത് appeared first on Kairali News | Kairali News Live.