മുനമ്പം വഖ്ഫ് ഭൂമി; കോടതി വിധിയില്‍ ദുരൂഹത: നാഷണല്‍ ലീഗ്

Wait 5 sec.

കോഴിക്കോട് | മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി നിരീക്ഷണവും വിധിയും ദുരൂഹവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. മുനമ്പം വഖ്ഫ് ഭൂമിയല്ല, വഖ്ഫ് ഉദ്ദേശത്തിലല്ല ഭൂമി കൈമാറിയത്, ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് വഖ്ഫ് ബോര്‍ഡ് നടത്തിയത്, ഫാറൂഖ് കോളജിന് സമ്മാനമായി ലഭിച്ച ഈ ഭൂമി വില്‍ക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ നിരീക്ഷണങ്ങള്‍ വിഷയത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ അപ്രതീക്ഷിതവും അനാവശ്യവുമായ ഇടപെടല്‍. മുന്‍കാല കോടതി വിധികളും രേഖകളും പരിശോധിക്കാതെയാണ് വിധി. എന്നാല്‍, 2019ലെ വഖ്ഫ് ബോര്‍ഡ് വിധി ഹൈകോടതി റദ്ദാക്കിയിട്ടില്ല. ഭൂമിയുടെ ആധികാരികത പരിശോധിക്കണമെന്ന് ആരും ആവശ്യപ്പെടാതെ തന്നെ വഖ്ഫ് അല്ലെന്ന് തീര്‍പ്പു കല്‍പ്പിക്കുന്ന കോടതിക്ക് വിഷയത്തില്‍ അമിത താത്പര്യമുണ്ടോ എന്ന് പരിശോധിക്കണം.പ്രസ്തുത ഭൂമി ദൈവനാമത്തില്‍ വഖ്ഫ് ചെയ്യുന്നുവെന്ന ആധികാരിക രേഖകള്‍ കോടതി പരിഗണിക്കാത്തതും ദിവസങ്ങള്‍ക്കു ശേഷം ലഭിക്കാറുള്ള വിധിപ്പകര്‍പ്പ് മണിക്കൂറുകള്‍ക്കകം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വഖ്ഫ് സംവിധാനത്തെ തകര്‍ക്കാനും സ്വത്തുക്കള്‍ കൈയടക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ രാജ്യമാകെ നടക്കുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.