കേരള സര്‍വകലാശാലക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നേടി എസ് എഫ് ഐ. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 75 കോളേജുകളില്‍ 65 കോളേജുകള്‍ എസ് എഫ് ഐ വിജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 45 കോളേജുകള്‍ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു. സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ സംഘപരിവാര്‍ ഭരണകൂടം നിരന്തരം ശ്രമം നടത്തുമ്പോള്‍ വിദ്യാര്‍ഥികളെ വഞ്ചിച്ച കെ എസ് യു അടക്കമുള്ള വലതുപക്ഷ സംഘടനകളെ കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് എസ് എഫ് ഐയെ നെഞ്ചിലേറ്റിയത്. ‘നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ഥിത്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളില്‍ 28 കോളേജുകളില്‍ എസ് എഫ് ഐക്ക് ഉജ്ജ്വലമായ വിജയം നേടാന്‍ സാധിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 19 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് കെ എസ് യു-വില്‍ നിന്നും തിരിച്ച് പിടിച്ചു. കാട്ടാക്കട ക്രൈസ്റ്റ് നഗര്‍ കോളേജ് എ ബി വി പിയില്‍ നിന്നും തിരിച്ചുപിടിച്ചു.Read Also: കലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്: ബാലറ്റ് വലിച്ചു കീറി എം എസ് എഫുകാര്‍, പി എസ് സഞ്ജീവിനെ ആക്രമിച്ചുകൊല്ലം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളില്‍ 14 കോളേജുകളില്‍ എസ് എഫ് ഐക്ക് ജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 10 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് കെ എസ് യുവില്‍ നിന്നും തിരിച്ച് പിടിച്ചു. കുണ്ടറ ഐ എച്ച് ആർ ഡി കോളേജും കൊട്ടാരക്കര എസ് ഡി കോളേജും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കെ എസ് യുവില്‍ നിന്ന് തിരിച്ച് പിടിച്ചു. പുനലൂര്‍ എസ് എന്‍ കോളേജ് എ ഐ എസ് എഫില്‍ നിന്നും തിരിച്ചു പിടിച്ചു.ആലപ്പുഴ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 19 കോളേജുകളില്‍ മുഴുവന്‍ കോളേജുകളിലും എസ് എഫ് ഐ ജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 14 കോളേജുകള്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. ജില്ലയിലെ ഏക ഗവ.ആര്‍ട്സ് & സയന്‍സ് കോളേജായ അമ്പലപ്പുഴ ഗവ. കോളേജ് രണ്ട് വര്‍ഷത്തിന് ശേഷം കെ എസ് യുവില്‍ നിന്ന് തിരികെപിടിച്ചു. കായംകുളം എം എസ് എം കോളേജ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും മാവേലിക്കര ഐ എച്ച് ആർ ഡി കോളേജ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കെ എസ് യുവില്‍ നിന്നും തിരിച്ചുപിടിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ ചെയര്‍മാന്‍, യു യു സി സീറ്റുകള്‍ കെ എസ് യുവില്‍ നിന്ന് തിരിച്ചുപിടിച്ചു.പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് നടന്ന നാല് കോളേജുകളില്‍ മുഴുവന്‍ കോളേജുകളിലും സമ്പൂര്‍ണ വിജയം നേടി. പന്തളം എൻ എസ് എസ് കോളേജ്, എൻ എസ് എസ് ബി എഡ് കോളേജ് പന്തളം, ഐ എച്ച് ആര്‍ ഡി അടൂര്‍, സെന്റ് സിറില്‍സ് അടൂര്‍ എന്നീ കോളേജുകളാണ് വിജയം നേടിയത്.വിദ്യാര്‍ഥികളുടെ സ്വഭാവികമായ പഠനം പോലും സാധ്യമാക്കാതെ ആർ എസ് എസിന്റെ വര്‍ഗീയവത്കരണ അജണ്ടകളുമായി സര്‍വകലാശാലയെ തകര്‍ക്കുവാന്‍ ഒരുമ്പെട്ട ഗവര്‍ണര്‍, വി സി വര്‍ഗീയവാദികള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ ത്യാഗോജ്ജ്വലമായ സമരത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. മതവര്‍ഗീയതയെയും പണക്കൊഴുപ്പിനെയും ലഹരി മാഫിയ സംഘങ്ങളെയും കൂട്ടുപിടിച്ച് ക്യാമ്പസുകളില്‍ അരാഷ്ട്രീയ, അരാജകത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലതുപക്ഷ വര്‍ഗീയവാദികള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ദൃശ്യമായത്. വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണത്തിനായി നിതാന്ത സമരങ്ങള്‍ നയിക്കുന്ന എസ് എഫ് ഐ യെ വിദ്യാര്‍ഥികള്‍ നെഞ്ചിലേറ്റി.കേരള സര്‍വകലാശാലക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം വര്‍ഗീയതക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്. എസ് എഫ് ഐയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.The post ‘നിക്ഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്ഥിത്വം’; കേരളയിലാകെ എസ് എഫ് ഐ തരംഗം appeared first on Kairali News | Kairali News Live.