പാലസ്തീനില്‍ സമാധാനക്കരാര്‍ കൊണ്ടുവന്ന് വെടിനിര്‍ത്തലിന് മുന്‍കയ്യെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പലര്‍ക്കും നിരാശ തോന്നിയിരിക്കണം, നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം വന്നപ്പോള്‍. വെനസ്വേലയുടെ പ്രതിപക്ഷനേതാവായ വനിതാ നേതാവ് മരിയ കൊറീനോ മച്ചാഡോക്കാണ് ഇത്തവണ സമാധാന നൊബേല്‍ ലഭിച്ചത്. നൊബേല്‍ പുരസ്‌കാര സമിതിയുടെ കാഴ്ചപ്പാടില്‍ വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി മരിയ കൊറീനോ മച്ചാഡോ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ പുരസ്‌കാരത്തിന് അവരെ അര്‍ഹയാക്കിയതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പറയുന്നു. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിനോടും അദ്ദേഹത്തിന് ശേഷം നിക്കോളാസ് മഡൂറോയോടും പൊരുതി നിന്ന ചരിത്രമുണ്ട് അവര്‍ക്ക്. ആരാണ് മരിയ കൊറീനോ മച്ചാഡോ?1967 ഒക്ടോബര്‍ 7ന് കാരക്കാസിലാണ് മച്ചാഡോ ജനിച്ചത്. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ അവര്‍ മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വെനസ്വേലന്‍ നാഷണല്‍ അസംബ്ലിയില്‍ 2010 മുതല്‍ 2015 വരെ അംഗമായിരുന്ന മച്ചാഡോ 2013ല്‍ രൂപീകൃതമായ വെന്റെ വെനസ്വേല എന്ന ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ നാഷണല്‍ കോഓര്‍ഡിനേറ്ററായിരുന്നു. സുമേറ്റ് എന്ന സിവില്‍ സൊസൈറ്റി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് മുന്നില്‍ നിന്നു. ജനാധിപത്യ ഭരണക്രമത്തിലേക്ക് വെനസ്വേല മടങ്ങിവരണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രസ്ഥാനമാണ് ഇത്. 2010ല്‍ നാഷണല്‍ അസംബ്ലിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊണ്ടാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ അവര്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഗൂഢാലോചനയും രാജ്യദ്രോഹവും അടക്കമുള്ള കുറ്റങ്ങള്‍ അവര്‍ക്കെതിരെ മഡൂറോ ഭരണകൂടം ചുമത്തിയിരുന്നു.മച്ചാഡോയുടെ ഇസ്രായേല്‍ ബന്ധം വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന നേതാവാണ് മച്ചാഡോ. കഴിഞ്ഞ ഫെബ്രുവരിയില്‍ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒരു കൂട്ടായ്മയായ പേട്രിയറ്റ്‌സ് ഫോര്‍ യൂറോപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധിയായി ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് ദ ന്യൂ അറബ് റിപ്പോര്‍ട്ട് പറയുന്നു. ഈ സമ്മേളനത്തില്‍ ഇസ്രയേല്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിയും പങ്കെടുത്തിരുന്നു. 2020ല്‍ ലിക്കുഡ് പാര്‍ട്ടിയും മച്ചാഡോയുടെ വെന്റെ വെനസ്വേല പാര്‍ട്ടിയും തമ്മില്‍ സഹകരണത്തിന് കരാറില്‍ എത്തിയിരുന്നു. ഇസ്രായേലിലെയും വെനസ്വേലയിലെയും ജനങ്ങളെ തമ്മില്‍ അടുപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. സ്ട്രാറ്റജി, ജിയോപൊളിറ്റിക്‌സ്, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സഹകരണം. ഇരു പാര്‍ട്ടികളും മുന്നോട്ടു വെക്കുന്ന പാശ്ചാത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്വതന്ത്ര വിപണി, സ്വാതന്ത്ര്യം തുടങ്ങിയവ സംരക്ഷിക്കാനുമായിരുന്നു ആ കരാര്‍. വെനസ്വേലയില്‍ ഇടപെടാന്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അവര്‍ ഇസ്രായേലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുമെന്നും അവര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. Nos enorgullece anunciarles que firmamos un acuerdo de cooperación con @Likud_Party de Israel para avanzar en temas de estrategia, geopolítica y seguridad. Un paso histórico que damos como partido y en defensa de valores occidentales: libertad, Estado de derecho y libre mercado pic.twitter.com/1g6b4xbVlZ— Vente Venezuela (@VenteVenezuela) July 23, 2020 എന്തുകൊണ്ട് ട്രംപിന് നൊബേല്‍ കിട്ടിയില്ലഇത്തവണ സമാധാന നൊബേല്‍ തനിക്കായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാലസ്തീനില്‍ സമാധാനം കൊണ്ടുവന്നത് താനാണെന്ന് ആവര്‍ത്തിക്കുന്ന ട്രംപ് ലോകമൊട്ടാകെ പല യുദ്ധങ്ങളും തീര്‍ത്തിട്ടുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സമ്മാനം മച്ചാഡോ കൊണ്ടുപോയി. ട്രംപിന് എന്തുകൊണ്ടാണ് പുരസ്‌കാരം നല്‍കാതിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുരസ്‌കാര കമ്മിറ്റി മറുപടി നല്‍കിയിട്ടുണ്ട്. സമാധാന നൊബേല്‍ പുരസ്‌കാരത്തിന്റെ നീണ്ട ചരിത്രത്തില്‍ കമ്മിറ്റി പല തരത്തിലുള്ള ക്യാംപെയിനുകളും മാധ്യമ പ്രചാരണങ്ങളും കണ്ടിട്ടുണ്ടെന്ന് സമ്മാന പ്രഖ്യാപനം നടത്തിയ യോര്‍ഗന്‍ വാറ്റ്‌നെ ഫ്രൈഡ്‌നസ് പറഞ്ഞു. സമാധാനം എന്നാല്‍ എന്താണെന്ന് വിശദീകരിക്കുന്ന ആയിരക്കണക്കിന് കത്തുകള്‍ ലഭിക്കാറുണ്ട്. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവരുടെയും ചിത്രങ്ങള്‍ക്ക് നടുവില്‍ ഇരുന്നാണ് തങ്ങള്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ധൈര്യത്തോടെയും ആര്‍ജ്ജവത്തോടെയും. ആല്‍ഫ്രഡ് നൊബേലിന്റെ പ്രവൃത്തിയുടെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് പുരസ്‌കാര സമിതി മുന്‍തൂക്കം നല്‍കിയതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടുണ്ട്. വെനസ്വേലന്‍ ഭരണകൂടത്തെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും ട്രംപിന് പുരസ്‌കാരം കിട്ടാത്തതില്‍ വൈറ്റ് ഹൗസിന് അമര്‍ഷമുണ്ടെന്ന് വ്യക്തം. ട്രംപിന് നൊബേല്‍ കൊടുക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. പ്രസിഡന്റ് സമാധാന കരാറുകളും യുദ്ധങ്ങള്‍ അവസാനിപ്പിക്കലും ഒക്കെയായി മുന്നോട്ടു പോകുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.