സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയിൽ ചലച്ചിത്ര നിർമ്മാതാക്കളെ ഉള്‍പ്പെടുത്താത്തതില്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിഷേധമറിയിച്ചിരിക്കുകയാണ്. അന്തിമജൂറിയില്‍ ഒരു നിര്‍മാതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാന് ഫിലിം ചേംബര്‍ കത്ത് നല്‍കിയിട്ടുണ്ട്. കാലാകാലങ്ങളായി സംസ്ഥാന ചലച്ചിത്ര ജൂറിയിൽ നിർമ്മാതാക്കളുടെ സാന്നിധ്യം കുറവാണ്. ഈ അവഗണക്കെതിരെയാണ് തങ്ങൾ പ്രതിഷേധം അറിയിച്ചതെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.'കാലാകാലങ്ങളിലെ ജൂറികളെ എടുത്ത് നോക്കിയാൽ അവിടെയെല്ലാം നിർമ്മാതാക്കളുടെ സാന്നിധ്യം വളരെ കുറവാണ്. ഇക്കുറിയും അത് ആവർത്തിച്ചിരിക്കുകയാണ്. അതിനെ തുടർന്നാണ് ഞങ്ങൾ പ്രതിഷേധം അറിയിച്ചത്. അഞ്ചോ ആറോ വർഷം കൂടുമ്പോൾ ഒരു നിർമ്മാതാവിനെ ജൂറിയിലെ അംഗം ആക്കുന്നതിനപ്പുറം കൺസിസ്റ്റെന്റായി അവർ അവാർഡ് ജൂറിയുടെ ഭാഗമാകുന്നില്ല. കഥ തെരഞ്ഞെടുക്കാനും സംവിധായകനെ തെരഞ്ഞെടുക്കാനും കഴിയുന്നവർക്ക് സിനിമ ജഡ്ജ് ചെയ്യാനും കഴിവുണ്ടാകണമല്ലോ,' അനിൽ തോമസ് പറഞ്ഞു.'അവാർഡ് ജൂറികളിൽ മാത്രമല്ല, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ ആയാലും ചലച്ചിത്ര അക്കാദമിയിൽ ആയാലും നിർമ്മാതാക്കളുടെ പ്രാതിനിധ്യം വളരെ കുറവാണ്. കാലാകാലങ്ങളായുള്ള അവഗണന ഇപ്പോഴും തുടരുന്നു. അത് ഒട്ടും ശരിയായ നടപടിയല്ലല്ലോ. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രതിഷേധം അറിയിച്ചത്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയർമാനായുള്ള 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ജൂറി പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തെത്തിയത്. അന്തിമജൂറിയില്‍ ഒരു നിര്‍മാതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാന് ഫിലിം ചേംബര്‍ കത്ത് നൽകുകയുണ്ടായി.