കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയൻ്റെ (കെ എസ് കെ ടി യു) മുഖമാസികയായ കര്‍ഷക തൊഴിലാളി ഏര്‍പ്പെടുത്തിയ വി എസ് അച്യുതാനന്ദന്‍ – കേരള പുരസ്കാരം, വി എസ് അച്യുതാനന്ദന്‍ – കേരള സാഹിത്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സമുന്നത നേതാവും കര്‍ഷക- കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ നായകനും സി പി ഐ എം പൊളിറ്റ് ബ്യൂറോ മുൻ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്കാണ് വി എസ് അച്യുതാനന്ദന്‍- കേരള പുരസ്കാരം. എം എ ബേബി ചെയര്‍മാനും പ്രൊഫ. പി കെ മൈക്കിള്‍ തരകനും എന്‍ ഇ സുധീറും പ്രീജിത് രാജും അംഗങ്ങളുമായുള്ള ജൂറി, പുരസ്കാരത്തിന് പരിഗണിക്കാനായി ജില്ലകളില്‍ നിന്നും ലഭിച്ച ശുപാര്‍ശകളില്‍ നിന്നും ക്രോഡീകരിച്ച് നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് എസ് രാചമചന്ദ്രന്‍ പിള്ളയെ തെരഞ്ഞെടുത്തത്. 50,001 രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.രാജ്യത്തെ കര്‍ഷക- കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നേതൃപരമായ പങ്ക് വഹിക്കുകയും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ത്യാഗോജ്ജ്വലമായ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് എസ് രാമചന്ദ്രൻ പിള്ളയുടെത്. മാത്രമല്ല, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്രപരമായ, ആഗോളവത്കരണ സ്വകാര്യവത്കരണ ദിശാബോധം നല്‍കുകയും ചെയ്തു. മേഖലയിലെ പ്രതിസന്ധികളും കോര്‍പറേറ്റ്വത്കരണവും പൊതുജനമധ്യത്തില്‍ ശക്തമായി അവതരിപ്പിക്കുകയും അതിനെതിരായ പ്രതിഷേധം പടുത്തുയര്‍ത്തുകയും ചെയ്തു. ഏഴ് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ മാതൃകാപരമായി മുന്നോട്ടുകൊണ്ടുപോയതും പരിഗണിച്ചാണ് എസ് രാമചന്ദ്രന്‍ പിള്ളയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. Read Also: ‘തൊഴില്‍ അന്വേഷിക്കുന്നരില്‍ നിന്ന് വലിയ നിക്ഷേപകരായി മലയാളികള്‍ മാറി’: മുഖ്യമന്ത്രികഥ, കവിത, പ്രബന്ധ രചനയില്‍ മികവ് പുലര്‍ത്തുന്ന മലയാളത്തിലെ സാഹിത്യ പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തുന്ന വി എസ് അച്യുതാനന്ദന്‍ – കേരള സാഹിത്യ പുരസ്കാരത്തിന് അര്‍ഹരായവരേയും പ്രഖ്യാപിച്ചു. കഥയ്ക്ക് ഏര്‍പ്പെടുത്തിയ കേരള സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായത് ‘രാമലീല’ എന്ന കഥ രചിച്ച കോഴിക്കോട്, പേരാമ്പ്ര സ്വദേശിയായ സുധീര്‍കുമാര്‍ വി കെയാണ്. കവിതയ്ക്ക് ഏര്‍പ്പെടുത്തിയ കേരള സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായത് ‘പനശാല’ എന്ന കവിത രചിച്ച തിരുവനന്തപുരം സ്വദേശിയായ വിനോദ് വൈശാഖിയാണ്. പ്രബന്ധ രചനയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരത്തിന് പാലക്കാട് സ്വദേശിയായ അര്‍ച്ചന എസ് ആണ് അര്‍ഹയായത്. കഥ, കവിത രചനകള്‍ നിര്‍വഹിക്കാന്‍ പ്രത്യേകിച്ച് വിഷയങ്ങളൊന്നും നല്‍കിയിരുന്നില്ല. പുരോഗമനപരമായ ഉള്ളടക്കം ഉണ്ടാവണം എന്ന മാനദണ്ഡം മാത്രമാണ് ഉണ്ടായിരുന്നത്. ‘കേരളത്തിന്റെ മുന്നേറ്റം സാധ്യതകളും പരിമിതിയും ഇടതുബദലുകളുടെ കേരളപര്‍വം’ എന്നതായിരുന്നു പ്രബന്ധ രചനയ്ക്കുള്ള വിഷയം. 30,001 രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് വി എസ് അച്യുതാനന്ദന്‍- കേരള സാഹിത്യ പുരസ്കാരം.കവിതയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാര ജേതാക്കളെ കണ്ടെത്താനുള്ള ജൂറിയുടെ ചെയര്‍മാന്‍ പ്രഭാവര്‍മ്മയായിരുന്നു. വിജയലക്ഷ്മി, മുരുകന്‍ കാട്ടാക്കട എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കഥയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാര ജേതാക്കളെ കണ്ടെത്താനുള്ള ജൂറിയുടെ ചെയര്‍മാന്‍ അശോകന്‍ ചരുവിലായിരുന്നു. ആര്‍ രാജശ്രീയും എം കെ മനോഹരനുമായിരുന്നു ജൂറി അംഗങ്ങള്‍. ലേഖനത്തിന് ഏര്‍പ്പെടുത്തിയ പുരസ്കാര ജേതാക്കളെ കണ്ടെത്താനുള്ള ജൂറി ചെയര്‍മാന്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായരായിരുന്നു. ആര്‍ പാര്‍വ്വതി ദേവിയും കെ രാജേന്ദ്രനുമായിരുന്നു ജൂറി അംഗങ്ങള്‍.ഒക്ടോബര്‍ 19ന് വൈകുന്നേരം നാലിന് ആലപ്പുഴ മങ്കൊമ്പിലെ പി കൃഷ്ണപിള്ള സ്മാരക ഹാളില്‍ വെച്ച് പുരസ്കാര സമര്‍പ്പണ ചടങ്ങ് സംഘടിപ്പിക്കും. എം എ ബേബി എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പുരസ്കാരം സമര്‍പ്പിക്കും. വി എസ് അച്യുതാനന്ദന്‍ – കേരള സാഹിത്യ പുരസ്കാരങ്ങള്‍ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ വിജയരാഘവന്‍ വിതരണം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗായിക പുഷ്പവതി സംഗീത വിരുന്ന് ഒരുക്കും. കുട്ടനാട് അടക്കമുള്ള ആലപ്പുഴയിലെ കാര്‍ഷിക മേഖലയിലെ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കും. പ്രമുഖ രാഷ്ട്രീയ- സാഹിത്യ- സാംസ്കാരിക നായകന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മാസിക മാനേജറും കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റമായ ആനാവൂര്‍ നാഗപ്പന്‍, കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍, എഡിറ്റര്‍ പ്രീജിത് രാജ്, പത്രാധിപ സമിതി അംഗങ്ങളായ ബി പി മുരളി, എസ് കെ സജീഷ് എന്നിവര്‍ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.The post കര്ഷക തൊഴിലാളി മാസികയുടെ വി എസ് അച്യുതാനന്ദന്- കേരള പുരസ്കാരം എസ് രാമചന്ദ്രന് പിള്ളയ്ക്ക് appeared first on Kairali News | Kairali News Live.