മാവൂർ കാൻസർ സെൻ്റർജില്ലാ പഞ്ചായത്ത് മുഖേന പ്രവർത്തന ക്ഷമമാക്കാൻ തീരുമാനം.

Wait 5 sec.

മാവൂർ: തെങ്ങിലക്കടവ് കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനമായി. എംഎൽഎയുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.2010 ൽ സ്വകാര്യ ട്രസ്റ്റ് സർക്കാരിന് വിട്ടു നൽകിയ 6.346 ഏക്കർ സ്ഥലവും കെട്ടിടവും മലബാർ ക്യാൻസർ സെൻ്ററിനെ ഏൽപ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത സ്ഥാപനത്തിന് ആയത് പ്രവർത്തന ക്ഷമമാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ചുമതലയിലേക്ക് സ്ഥലവും കെട്ടിടവും വിട്ടു നൽകുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് ദൂരെയുള്ള സ്ഥലത്ത് കാൻസർ അനുബന്ധ ചികിത്സകൾ നടത്തുന്നതിൽ വകുപ്പിന് പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതിനാൽ ആയത് പ്രകാരമുള്ള നടപടികൾ എവിടെയും എത്തിയിരുന്നില്ല. പിന്നീട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ രൂപീകരിച്ച ക്യാൻസർ കെയർ സൊസൈറ്റിയെ സ്ഥലവും കെട്ടിടങ്ങളും ഏൽപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ നിർദ്ദേശമുണ്ടായെങ്കിലും സ്ഥാപനം കൈമാറുന്നതിലുള്ള സാങ്കേതികത്വത്തിൽ കുടുങ്ങി പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു. ഈ തലത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കാൻസർ ചികിത്സകൾ നടത്തുന്നതിനുമാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത്. സ്ഥാപനം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാകുന്നതോടെ പദ്ധതി തുക ചെലവഴിക്കുന്നതിനും ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുന്നതിനും സാധ്യമാവും. സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തുന്നതിൽ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ മുഖേന ആവശ്യമായ ഉത്തരവുകൾ ലഭ്യമാക്കുന്നതാണെന്നും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ കോബ്രഗഡെ, മലബാർ കാൻസർ സെൻ്റർ ഡയറക്ടർ ഡോ. സതീശൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി നിഷ, സെക്രട്ടറി ടി.ജി അജേഷ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, ലാൻഡ് റവന്യൂ കമ്മീഷണർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.