ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' പരിപാടിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗവും അതിന് മോഹൻലാൽ നൽകിയ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതിനിടെ നടന്‍ ബൈജുവിന്റെ ഒരു കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.അടൂരിന്റെ പ്രസംഗത്തിന്റെ ഭാഗവും മോഹന്‍ലാലിന്റെ മറുപടിയും ചേര്‍ത്തുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് നടന്‍ ബൈജു സന്തോഷ് കമന്റിട്ടത്. ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി' എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്.മോഹൻലാലിനെ ആദരിച്ച പരിപാടിയിൽ സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ, തനിക്ക് രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നതെന്നും പറഞ്ഞിരുന്നു. പിന്നാലെ 'എന്നെക്കുറിച്ച് ആദ്യമായി അല്ല..എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു', എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.ഇതിന് മുന്നേയും മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന ചർച്ചയായിട്ടുണ്ട്. മോഹന്‍ലാലിന്റേത് നല്ലവനായ റൗഡി ഇമേജ് ആണെന്നും അതിനാലാണ് അദ്ദേഹത്തെ പ്രധാനകഥാപാത്രമാക്കി ചിത്രമൊരുക്കാന്‍ തനിക്ക് കഴിയാത്തതെന്നും അടൂര്‍ മുൻപ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.