സംസ്ഥാനത്ത് സംഘങ്ങളുടെ രജിസ്‌ടേഷൻ സംബന്ധിച്ച 2025 ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല് നിയമസഭ പാസ്സാക്കി നേരെത്തെ മലബാറിലും തിരുവിതാംകൂർ- കൊച്ചി പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന വ്യത്യസ്ഥ നിയമങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനത്താകെ ബാധകമായ വിധം പുതിയ ഏകീകൃത നിയമം പാസ്സാക്കിയത്.പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോഴും നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ സംഘങ്ങളുടെയും സാധൂകരണം ഉറപ്പാക്കിയിട്ടുണ്ട്. സംഘങ്ങളുടെ രജിസ്‌ട്രേഷൻ, അവയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച നടപടി ക്രമങ്ങൾ ലളിതവും കാര്യക്ഷമമാക്കുകയും ചെയ്യുന്നതോടൊപ്പം ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജനാധിപത്യപരവും സുഗമവും സുതാര്യവുമാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ പറഞ്ഞു.കാലോചിതമായ മാറ്റങ്ങളോടെ കൂടുതൽ വ്യക്തതയുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ കല, കായികം, സാഹിത്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ട് സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളെ പ്രോത്സാഹിപ്പിക്കാൻ അവയുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും സുതാര്യവുമാക്കാനും ഈ നിയമം ഉതകുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.