മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

Wait 5 sec.

തിരുവനന്തപുരം | ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി താത്കാലികം മാത്രമാണെന്നും ഇത് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.2026ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും. ഇതോടെ ശൈത്യകാലത്തില്‍ വരുത്തിയ കുറവ് പരിഹരിക്കപ്പെടും. ഫുജൈറ, മദീന, മാലി, സിംഗപ്പൂര്‍, ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങും. ബെംഗളൂരൂ വഴിയോ സിംഗപ്പൂര്‍ വഴിയോ ആസ്‌ത്രേലിയ- ജപ്പാന്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ഓണം, ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയ സീസണുകളില്‍ അധിക വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സര്‍വീസ് നടത്താന്‍ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡല്‍ഹിക്കും ഇടയില്‍ ബിസിനസ്സ് ക്ലാസുള്ള വിമാനം പരിഗണിക്കും.തിരുവനന്തപുരം-ദുബൈ പോലുള്ള സെക്ടറുകളില്‍ കുറവ് വരുത്തിയ വിമാനങ്ങള്‍ ഈ സീസണില്‍ തന്നെ മടക്കിക്കൊണ്ടുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ പ്രതികരണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തി.അതേസമയം, കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയാണെന്നും അവയില്‍ പലതും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും വിശദീകരിച്ച മുഖ്യമന്ത്രി, അതുവഴി കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുകയാണെന്നും പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി.ആവശ്യകത ഏറ്റവും കൂടുതലുള്ള സമയത്ത് സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാകാത്തതാണ്. ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്.