യഹ്യ സിന്‍വറിന്റെയും മുഹമ്മദ് സിന്‍വറിന്റെയും മൃതദേഹങ്ങള്‍ നല്‍കണം, മര്‍വന്‍ ബഗൂതിയെ വിട്ടയക്കണം; ഇസ്‌റാഈലിനോട് ഹമാസ്

Wait 5 sec.

കൈറോ | ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ തങ്ങളുടെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും മുഹമ്മദ് സിന്‍വറിന്റെയും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന ആവശ്യവുമായി ഹമാസ്. ഇസ്‌റാഈല്‍ തടങ്കലിലാക്കിയ ഫലസ്തീന്‍ നേതാവ് മര്‍വന്‍ ബഗൂതിയെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്‌റാഈലുമായി ഈജിപ്തില്‍ നടക്കുന്ന പരോക്ഷ ചര്‍ച്ചയിലാണ് ഹമാസ് പ്രതിനിധികള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.ബന്ദികളെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്‌റാഈലി ബന്ദികളുടെയും ഫലസ്തീന്‍ തടവുകാരുടെയും പേരുകളുടെ പട്ടിക കൈമാറിയതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും ഹമാസ് പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഗസ്സായില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദി കൈമാറ്റ കരാര്‍ എന്നിവയില്‍ ഊന്നിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.അതിനിടെ, ഗസ്സാ യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി സമാധാന കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി പറഞ്ഞു. യു എസ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലൂടെ ചര്‍ച്ചകള്‍ നല്ലനിലയില്‍ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖത്വറിന്റെ മധ്യസ്ഥതയിലാണ് ഹമാസ്-ഇസ്‌റാഈല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച.