തിരുവനന്തപുരം | നിയമസഭാ സമ്മേളനം ഒരുദിവസം മുമ്പെ അവസാനിപ്പിച്ചേക്കും. വെള്ളിയാഴ്ച വരെ നടക്കേണ്ട സഭാ സമ്മേളനം വ്യാഴാഴ്ച അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്നു രാവിലെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ചര്‍ച്ചക്കു തയ്യാറാവാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന നടപടി തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി നിയമസഭാ സമ്മേളനം സ്തംഭിച്ചിരുന്നു. സഭയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് ഒരു ദിവസം മുമ്പെ സഭ നിര്‍ത്താന്‍ ആലോചിക്കുന്നത്.ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുന്നതു വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഇത്തവണ അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ന്നും സഭാ നടപടികള്‍ സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.