തിരുവനന്തപുരം | കേരളത്തിന് എയിംസ്, വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം ഉള്‍പ്പെടെ സുപ്രധാനമായ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തും. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍നിന്ന് അനുവദിച്ചത്. 2,221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കോടതി ശക്തമായി ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചേക്കും.കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിക്കും. കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തി കേരളം എയിംസിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എയിംസിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും രംഗത്തുവന്നിട്ടുണ്ട്.