തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ റിട്ട് ഹർജികളെല്ലാം ഹൈക്കോടതി തള്ളി.നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാരണത്താൽ 103 ഹർജികളാണ് കോടതി നിരസിച്ചത്. ഹർജികളിൽ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തിൽ കോടതി എല്ലാ ഹർജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.ഹർജികൾക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങൾക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഡീലിമിറ്റേഷൻ കമ്മീഷന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. ദീപു ലാൽ മോഹൻ ഹാജരായി.