തിരുവനന്തപുരം| ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി. എല്ലാ കാര്യങ്ങളും വിശദമായി എസ്ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണസംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങള്‍ സംയമനം പാലിക്കണം. എസ്ഐടിയെ സ്വതന്ത്രമായി വിടൂ എന്നും കോടതി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് സുതാര്യത അനിവാര്യമാണ്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്. കൈമാറാനുള്ള തീരുമാനം സംശയകമാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.