ഷാർജ | ഇത്തവണ ഷാർജ പുസ്തകോത്സവത്തിൽ 118 രാജ്യങ്ങളിൽ നിന്ന് 2,350 പ്രസാധകരെത്തുമെന്ന് അധികൃതർ അറിയിച്ചു. 44-ാമത് ഷാർജ പുസ്തകമേളയാണിത്. 1,200 പരിപാടികൾക്ക് ആതിഥ്യം വഹിക്കുന്നു. നവംബർ അഞ്ച് മുതൽ 16 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ “നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ’ എന്ന തലക്കെട്ടിലാണ് മേള. വായനക്കാരന്റെയും എഴുത്തുകാരന്റെയും വചനവുമായുള്ള ഇടപെടലാണ് മുഖ്യമെന്ന് ബുക്ക് അതോറിറ്റി സി ഇ ഒ അഹ്‌മദ് റക്കദ് അൽ ആമിരി പറഞ്ഞു. അതിഥി രാജ്യമായ ഗ്രീസിന്റെ നയതന്ത്ര പ്രതിനിധി പനാജിയോട്ടിസ് കൊഗിയോ, മുതിർന്ന ഉദ്യോഗസ്ഥരായ മുഹമ്മദ് ഹസ്സൻ ഖലഫ്, മുഹമ്മദ് അൽ അമീമി പങ്കെടുത്തു.ഇന്ത്യയിൽ നിന്ന് കവി സച്ചിദാനന്ദൻ അടക്കം എഴുത്തുകാർ എത്തുമെന്ന് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി അറിയിച്ചു. 1,200 ലധികം പരിപാടികളിലും പ്രവർത്തനങ്ങളിലും 66 രാജ്യങ്ങളിൽ നിന്നുള്ള 250 ൽ അധികം അതിഥികൾ പങ്കെടുക്കും. 10 രാജ്യങ്ങൾ ആദ്യമായി പങ്കെടുക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള 158 അറബ്, അന്തർദേശീയ അതിഥികൾ അവതരിപ്പിക്കുന്ന 300ലധികം സാംസ്‌കാരിക പരിപാടികൾ ഉണ്ടാകും.58 ഗ്രീക്ക് പ്രസാധകരിൽ നിന്നുള്ള 600 ശീർഷകങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ദേശീയ പവലിയനും ഒരുക്കുന്നു. എഴുത്ത്, പ്രസിദ്ധീകരണം, സൃഷ്ടിപരമായ വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 28 അതിഥി വിദഗ്ധരുടെ നേതൃത്വത്തിൽ അറബിയിലും ഇംഗ്ലീഷിലും 750ലധികം ശിൽപ്പശാലകൾ 2025 വാഗ്ദാനം ചെയ്യുന്നു. “പോപ്പ്-അപ്പ് അക്കാദമി’, യു കെയിൽ നിന്നുള്ള “പോയട്രി ഫാർമസി’, നിരവധി ജനപ്രിയ അറബിക് പോഡ്കാസ്റ്റുകൾ ഹോസ്റ്റുചെയ്യുന്ന “പോഡ്കാസ്റ്റ് സ്റ്റേഷൻ’ എന്നിവ പുതിയ കൂട്ടിച്ചേർക്കലുകളാണ്. ഐസ് ലാൻഡ്, ജമൈക്ക, നൈജീരിയ, മാലി, ചാഡ്, അംഗോള, മൊസാംബിക്, ഗിനിയ, സെനഗൽ, വിയറ്റ്‌നാം എന്നീ പത്ത് രാജ്യങ്ങൾ ആദ്യമായി സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്നു. പ്രസാധക സമ്മേളനം നവംബർ രണ്ട് മുതൽ നാല് വരെ നടക്കും.