ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റി ഉരുക്കി വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2019 ൽ ദേവസ്വം ബോർഡ് ഉത്തരവ് ദേവസ്വം ജീവനക്കാർ തിരുത്തി. സ്വർണ്ണപ്പാളി നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുത് എന്ന് 2019-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർണ്ണായകമായ തീരുമാനമെടുത്ത് ഉത്തരവിറക്കിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് മാനുവലിന് വിരുദ്ധമായി, ഈ ഉത്തരവ് ദേവസ്വം ബോർഡ് ജീവനക്കാർ തിരുത്തുകയായിരുന്നു. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ആയിരുന്ന ജയശ്രീയാണ് ഉത്തരവ് തിരുത്തിയത് എന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ തന്നെ സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ നിർദ്ദേശം നൽകിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.ശബരിമലയിലെ ദ്വാരപാലകന്മാരുടെ 14 സ്വർണ്ണപ്പാളികൾ 2019 ജൂലൈ 20-ന് ഇളക്കി മാറ്റിയിരുന്നു. ഈ സ്വർണ്ണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകുന്നതിനിടയിലുള്ള 39 ദിവസങ്ങൾക്കുള്ളിൽ ഉരുക്കി മാറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.ALSO READ: കട്ടത് പോറ്റി തന്നെ; ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളിയിലെ സ്വർണ്ണം ഉരുക്കി; സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ, തട്ടിപ്പ് സ്മാർട്ട് ക്രിയേഷൻസുമായി ചേർന്ന്സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ഈ സ്വർണ്ണം ഉരുക്കി കൈക്കലാക്കിയതും അദ്ദേഹമാണ്. എന്നാൽ തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഇടപെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ മുരാരി ബാബുവാണ് (അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ). സ്വർണ്ണപ്പാളി കൊടുത്തുവിട്ടത് ചെമ്പുപാളിയാണ് എന്ന് വരുത്തിത്തീർക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. സ്വർണം ഉരുക്കി മാറ്റിയതിൽ സ്മാർട്ട് ക്രിയേഷൻസിന് പങ്കുണ്ട്. ചെമ്പുപാളിയാണ് ലഭിച്ചത് എന്ന് സ്ഥാപിക്കുന്നതിന് അവർ കൃത്രിമ രേഖകൾ അടക്കം സജ്ജമാക്കി.റിപ്പോർട്ട് തയ്യാറാക്കിയതിൽ അന്നത്തെ തിരുവാഭരണ കമ്മീഷണർ ആയിരുന്ന കെ എസ് ബൈജുവിനും അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുദീഷിനും പങ്കുണ്ടായിരുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥവൃന്ദം, ഇടനിലക്കാർ, സ്വർണ്ണം ജോലി ചെയ്യുന്ന സ്ഥാപനം (സ്മാർട്ട് ക്രിയേഷൻസ്) എന്നിങ്ങനെ മൂന്ന് വിഭാഗക്കാർ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.ഉണ്ണികൃഷ്ണൻ പോറ്റിയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ തട്ടിപ്പ് സംഘം. അന്നത്തെ ദേവസ്വം കമ്മീഷണർ സംഭവത്തിൽ ഇടപെടാതിരുന്നത് സംശയകരമാണെന്ന് ദേവസ്വം വിജിലൻസ് സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജയശ്രീ, മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി, കെ എസ് ബൈജു, സുദീഷ്, സ്മാർട്ട് ക്രിയേഷൻസ് എന്നിവർ ഉൾപ്പെടെയുള്ള അഞ്ചിലധികം പേർ ഈ പട്ടികയിൽ ഉണ്ട്. കൂടുതൽ അന്വേഷണങ്ങളിൽ ആരൊക്കെയാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഈ തട്ടിപ്പ് നടത്തിയതെന്ന് വരും ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തും.തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇപ്പോൾ പറയാൻ സാധിക്കാത്ത ഒരവസ്ഥയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ദേവസ്വം വിജിലൻസിന്റെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് 2019-ൽ നടന്ന സംഭവങ്ങളുടെ വസ്തുതയുടെ ചുരുളഴിച്ചിരിക്കുകയാണ്. ഈ തട്ടിപ്പിന് ആധാരമായ പ്രധാന വിഷയം അന്നത്തെ ദേവസ്വം ബോർഡിന്റെ ഉത്തരവ് തിരുത്തിയതാണ്.The post സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് ഉത്തരവ്; 2019ൽ ഉത്തരവ് തിരുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ appeared first on Kairali News | Kairali News Live.