പഞ്ചസാര ചേർത്ത പാനീയങ്ങൾക്കുള്ള നികുതി ജനുവരി ഒന്ന് മുതൽ

Wait 5 sec.

ദുബൈ|പഞ്ചസാര ചേർത്ത പാനീയങ്ങൾക്കുള്ള എക്‌സൈസ് നികുതി നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ ധനമന്ത്രാലയം സ്ഥിരീകരിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) നിശ്ചയിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി നികുതി സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നികുതി നയം ഉൾച്ചേർക്കുന്നതിനായി നിലവിലുള്ള നിയമനിർമാണ ഭേദഗതികൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. “പഞ്ചസാര ചേർത്ത പാനീയങ്ങൾക്കുള്ള എക്‌സൈസ് നികുതിക്കായി ജി സി സി അംഗീകരിച്ച തട്ടുകളായുള്ള വോള്യൂമെട്രിക് മോഡലിന് അനുസൃതമാണ് ഈ നടപടി- മന്ത്രാലയം കൂട്ടിച്ചേർത്തു.എല്ലാ പഞ്ചസാര ചേർത്ത പാനീയങ്ങൾക്കും നിലവിലുണ്ടായിരുന്ന 50 ശതമാനം ഏകീകൃത നികുതിയിൽ നിന്ന്, പാനീയത്തിലെ പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവിനെ ആശ്രയിച്ച് നികുതി നിരക്ക് മാറുന്ന സമ്പ്രദായത്തിലേക്ക് മാറും. കൂടുതൽ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതിയും, പഞ്ചസാര കുറഞ്ഞവക്ക് കുറഞ്ഞ നിരക്കിലുള്ള നികുതിയും ആണ് ഈടാക്കുക. ഈ രീതി പാനീയ നിർമാതാക്കളെ അവരുടെ ഉത്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ പാനീയങ്ങൾ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യും.പുതിയ സമ്പ്രദായം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിലവിലുള്ള 50 ശതമാനം നികുതി അടച്ച ഇറക്കുമതിക്കാർക്കും നിർമാതാക്കൾക്കും പുതിയ മോഡൽ അനുസരിച്ച് നികുതി നിരക്ക് കുറവാണെങ്കിൽ, വിൽക്കാത്ത സാധനങ്ങൾക്ക് മുമ്പ് അടച്ച നികുതിയുടെ ഒരു ഭാഗം കുറക്കാൻ കഴിയുന്ന ഒരു നിയമവും ഭേദഗതികളിൽ ഉൾപ്പെടുന്നു.കൂടാതെ, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധതയും ഈ മാറ്റം പ്രതിഫലിപ്പിക്കുന്നു. പഞ്ചസാര ഉപഭോഗം കുറയ്ക്കാനും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യപരമായ വെല്ലുവിളികൾ കുറക്കുന്നതുൾപ്പെടെയുള്ള രാജ്യത്തിന്റെ ആരോഗ്യ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും പുതിയ സമ്പ്രദായം ലക്ഷ്യമിടുന്നു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബിസിനസുകൾക്ക് ക്രമീകരണങ്ങൾ വരുത്താൻ സമയം ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.