ദുബൈ|ശാരീരിക, ബുദ്ധിപരമായ വൈകല്യങ്ങൾ ഉൾപ്പെടെയുള്ള നിശ്ചയദാർഢ്യമുള്ളവർ (പി ഒ ഡി) ഓടിക്കുന്ന വാഹനങ്ങളെ റോഡ് ടോൾ ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് സാലിക് അറിയിച്ചു. ബുദ്ധിപരമായ വൈകല്യങ്ങൾ, ശാരീരിക വൈകല്യങ്ങൾ, ഓട്ടിസം, കാഴ്ച വൈകല്യങ്ങൾ ഇളവ് ലഭിക്കുന്നതിന് വാഹനം നിശ്ചയദാർഢ്യമുള്ള വ്യക്തിയുടെ പേരിൽ സ്വന്തമായിരിക്കുകയോ അല്ലെങ്കിൽ വാഹന ഉടമയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയോ വേണം.മാതാപിതാക്കൾ, ഇണകൾ (വിവാഹ സർട്ടിഫിക്കറ്റ് ഉള്ളത്), കുട്ടികൾ (ജനന സർട്ടിഫിക്കറ്റ് ഉള്ളത്), മുത്തശ്ശിമാർ, സഹോദരങ്ങൾ, പേരക്കുട്ടികൾ എന്നിവർ യോഗ്യതയുള്ള കുടുംബ ബന്ധങ്ങളിൽ ഉൾപ്പെടുന്നു. അപേക്ഷകന്റെയോ ഒന്നാം/രണ്ടാം ഡിഗ്രി ബന്ധുവിന്റെയോ പേരിലുള്ള സാധുവായ വാഹന രജിസ്‌ട്രേഷൻ, സാധുവായ ഒരു ഇമാറാത്തി ഐ ഡി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്മന്ത്രാലയം നൽകുന്ന സാധുവായ “പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’ കാർഡ് അല്ലെങ്കിൽ ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി നൽകുന്ന “സനദ് കാർഡ്’ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. അപേക്ഷകന് വാഹനം സ്വന്തമല്ലെങ്കിൽ കുടുംബ ബന്ധത്തിന്റെ തെളിവും ആവശ്യമാണ്. സാലിക് വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.