ഷാർജ|വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലുമുള്ള തെരുവുകളിലും റോഡുകളിലും വെളിച്ചം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സീവ) തുടരുന്നു. ഈ വർഷം ജനുവരി മുതൽ സെപ്തംബർ അവസാനം വരെ മധ്യമേഖലയിലെ വിവിധ പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമായി 17 വിളക്ക് പദ്ധതികളാണ് നടപ്പാക്കിയത്. ഇതിനായി 19.387 മില്യൺ ദിർഹത്തിലധികം ചെലവഴിച്ചു.മധ്യമേഖലയിൽ 1,609 വിളക്ക് തൂണുകളും 2,621-ൽ അധികം ലൈറ്റുകളും സ്ഥാപിക്കുകയും 69,683 മീറ്റർ കേബിളുകൾ വലിക്കുകയും ചെയ്തുവെന്ന് സീവ മധ്യമേഖല ഡയറക്ടർ എൻജിനീയർ ഖലീഫ മുഹമ്മദ് അൽ തനൈജി പറഞ്ഞു. ഈ വർഷം നടപ്പാക്കിയ വിളക്ക് പദ്ധതികളിൽ പത്തെണ്ണം അൽ ദൈദിലാണ്. ജബൽ ഉമറിലെ ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ, ജബൽ ഉമർ ജനവാസ കേന്ദ്രത്തിലെയും അൽ ദൈദിലെ ഒട്ടകയോട്ട ട്രാക്കിലെയും ഉൾ റോഡുകളിൽ വിളക്ക് സ്ഥാപിക്കൽ, അൽ ഹിസ്ൻ-2, അൽ സുവൈഹ്-2 ജനവാസ കേന്ദ്രങ്ങളിലെ ഉൾ റോഡുകളിൽ വിളക്ക് പൂർണമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.അൽ ബത്തായിഹ് മേഖലയിൽ നാല് പദ്ധതികൾ നടപ്പാക്കി. അൽ ബത്തായിഹ് ഇൻഡസ്ട്രിയൽ ഏരിയ, വെള്ളിയാഴ്ച ചന്തയിലേക്കുള്ള റോഡ്, അൽ ബത്തായിഹ് സൊസൈറ്റിയുടെ പാർക്കിംഗ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ, തുവൈ അൽ സാമാൻ പ്രവേശന കവാടത്തിലെയും ജനവാസ കേന്ദ്രത്തിലെയും ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മലീഹയിൽ ഫാമുകളിലേക്കുള്ള ഉൾറോഡുകളിലാണ് വിളക്ക് സ്ഥാപിച്ചത്. s