മധ്യപ്രദേശിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് കിലോക്കണക്കിന് സ്വർണവും വെള്ളിയും 17 ടൺ തേനും. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയർ ജിപി മെഹ്റയുടെ വീട്ടിലും മറ്റ് വസതികളിലുമായി ലോകായുക്ത നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത കോടികളുടെ സ്വത്ത് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് നടന്ന ഒരു ലളിതമായ അന്വേഷണമാണ് സമീപകാലത്ത് മധ്യപ്രദേശിൽ നടന്ന ഏറ്റവും വലിയ അ‍ഴിമതികളിലൊന്നിനെ പുറത്തു കൊണ്ടുവന്നത്. 3 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണവും കിലോ കണക്കിന് വെള്ളിയും, ലക്ഷക്കണക്കിന് രൂപയുമാണ് മെഹ്റയുടെ വീട്ടിൽ നിന്നും ലഭിച്ചത്. നോട്ടുകെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനായി ഉദ്യോഗസ്ഥർക്ക് നോട്ടെണ്ണൽ യന്ത്രം കൊണ്ട് വരേണ്ടി വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ALSO READ;റോൾസ് റോയ്സിനേക്കാളും വിലയേറിയ എരുമ, ‘സ്വന്തമായി സമ്പാദിക്കുന്നത്’ വർഷം 60 ലക്ഷം രൂപ; അഖിലേന്ത്യാ കർഷക മേളയിൽ താരമായി ‘വിധായക്’വീട്ടിൽ നിന്നും സ്വർണം കൂടാതെ 8.79 ലക്ഷം രൂപ പണവും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളും പരിശോധനയിൽ കണ്ടെത്തി. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. സിറ്റിയിൽ നിന്ന് മാറി നർമ്മദാപുരം ഗ്രാമത്തിൽ ഒരു ആഡംബര സാമ്രാജ്യം തന്നെ മെഹ്റ പടുത്തുയർത്തിയിരുന്നു. 17 ടൺ തേൻ, ആറ് ട്രാക്ടറുകൾ, നിർമ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകൾ, ഒരു വലിയ ക്ഷേത്രം എന്നിവയുൾപ്പെടുന്ന വമ്പൻ ഫാം ഹൗസ് കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടി. കുടുംബാംഗങ്ങളുടെ പേരിൽ രെജിസ്റ്റർ ചെയ്ത ആഡംബര കാറുകളുടെ ഒരു വമ്പൻ ശേഖരവും ഇവിടുന്ന് കണ്ടെത്തി.ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ മെഹ്റയുടേതെന്ന് കരുതുന്ന ബിസിനസ് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലും ലക്ഷങ്ങൾ കണ്ടുകെട്ടി. വൈകുന്നേരത്തോടെ 36.04 ലക്ഷം രൂപ, 2.649 കിലോഗ്രാം സ്വർണം, 5.523 കിലോഗ്രാം വെള്ളി, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഓഹരി രേഖകൾ, സ്വത്തുക്കൾ തുടങ്ങി കോടികളുടെ അനധികൃത സമ്പാദ്യമാണ് ലോകായുക്ത പിടിച്ചെടുത്തത്. ആസ്തികളുടെ മൂല്യനിർണ്ണയം ഇപ്പോഴും നടക്കുകയാണെന്നും മെഹ്റയുടെ ബിനാമി ഇടപാടുകളും പരിശോധിക്കുകയാണെന്ന് അ‍ഴിമതി വിരുദ്ധ സേന അറിയിച്ചു.The post മധ്യപ്രദേശിൽ മുൻ പിഡബ്ള്യുഡി എൻജിനീയറുടെ വീട്ടിൽ സ്വർണക്കൂമ്പാരം; പണം എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രവുമായെത്തി ഉദ്യോഗസ്ഥർ, പിടിച്ചെടുത്തതിൽ 17 ടൺ തേനും appeared first on Kairali News | Kairali News Live.