‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല, ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്…’; ഇന്ന് ചെഗുവേരയുടെ 58 ആം രക്തസാക്ഷിത്വ ദിനം

Wait 5 sec.

വിപ്ലവത്തിന്റെ മറുവാക്ക്. ഇന്ന് അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദമായി മാറിയ ക്യൂബൻ വിപ്ലവകാരി ഏണാസ്റ്റൊ ചെഗുവേരയുടെ 58 -ാം രക്തസാക്ഷിത്വ ദിനം. ഫാസിസ്റ്റ് ഭരണകൂടത്തെ കടുത്ത ഗറില്ല പോരാട്ടം കൊണ്ട് തകർത്ത് എറിയാമെന്ന് സാക്ഷ്യപ്പെടുത്തിയാൾ. ചെ യുടെ ആശയങ്ങൾ ലോകജനതയുടെ മനസ്സിൽ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നുണ്ട്. കര്‍മ്മം കൊണ്ട് ലോകം അടയാളപ്പെടുത്തിയ ഈ മഹാവിപ്ലവകാരിയെ ലോകം മറക്കില്ല, മറക്കാനാകില്ല. മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി ചെ ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും ആവേശമാണ് ചെഗുവേര. മരിച്ച് വർഷമിത്ര കഴിഞ്ഞിട്ടും സമത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ജനങ്ങളുടെ മനസില്‍ ചെഗുവേര ഇന്നും തിളങ്ങി നില്‍ക്കുന്നു. അര്‍ജന്‍റീനയിലെ ഒരു സമ്പന്നകുടുംബത്തിലായിരുന്നു ചെ ഗുവേരയുടെ ജനനം. ചെറുപ്പകാലത്തില്‍ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള താല്‍പര്യം ചെഗുവേരയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടി വളര്‍ന്നു വന്ന ചെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ലോക രാഷ്ട്രീയത്തെക്കുറിച്ച്‌ നല്ല ആഴത്തിലുളള അറിവു നേടി എടുത്തിരുന്നു. തന്റെ പിതാവില്‍ നിന്നും ചെസ്സ് കളി പഠിച്ച അദ്ദേഹം പന്ത്രണ്ടാം വയസ്സു മുതല്‍ പ്രാദേശികമത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. എന്നാല്‍ മുതിർന്നപ്പോൾ താല്പര്യം സാഹിത്യത്തിലേക്കു മാറി. തത്ത്വശാസ്ത്രം, കണക്ക്, രാഷ്ട്രീയം, സമൂഹശാസ്ത്രം, ചരിത്രം എന്നിവയായിരുന്നു സ്കൂള്‍ ക്ലാസ്സുകളില്‍ ചെയുടെ ഇഷ്ട വിഷയങ്ങള്‍. കുറേക്കൂടി മുതിർന്നപ്പോൾ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലായി താല്പര്യം. 1948 ൽ ബ്യുനോസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാനായി ചേർന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെ ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കി. ഈ യാത്രകളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ലോകത്താകെ അധ്വാനിക്കുന്നവന്‍റെ ശബ്ദമായി പടരുകയാണ് ചെയുടെ ചിന്തകളും വാക്കുകളും. ലാറ്റിനമേരിക്കന്‍ സമൂഹങ്ങളുടെ പരിപൂര്‍ണ ഉന്നമനമായിരുന്നു ചെഗുവേര എന്ന വിപ്ലവകാരി കണ്ട സ്വപ്നം.ALSO READ: കാലടിയിലെ എബിവിപി അക്രമം; വിഷം തുപ്പുന്നവരെ വിദ്യാർഥികൾ തോൽപ്പിച്ചതിന് എസ്എഫ്ഐയുടെ മെക്കിട്ട് കയറേണ്ടെന്ന് പി എസ് സഞ്ജീവ്സാധാരണക്കാരനെ അടിമകളാക്കിയ ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ചെറുതൊന്നുമല്ലായിരുന്നു. വൈദ്യശാസ്ത്ര ബിരുദം നേടിയ ചെ തെരഞ്ഞെടുത്ത പാത വർഗ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റേതായിരുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതുയുഗം സൃഷ്ടിക്കാൻ തളരാതെ പതറാതെ പോരാട്ടത്തിന്റെ വീഥികളിലൂടെ ജീവിതം നയിച്ച ചെ എക്കാലത്തും ലോകത്താകമാനം പോരാട്ടം നടത്തുന്ന മനുഷ്യർക്ക് പ്രചോദനമാണ്. ഇതുകൊണ്ടാണ് ലോകജനതയുടെ മനസ്സിൽ ആളിപ്പടരുന്ന തീപ്പന്തമായി ചെഗുവേര ഇന്നും ജ്വലിച്ചു നിൽക്കുന്നത്. തന്നെ വധിക്കാനെത്തിയ പട്ടാളക്കാരനോട് ചെ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്.നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാന്‍ പോകുന്നത്.ആ പട്ടാളക്കാരൻ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് അയാളുടെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. നെഞ്ചിലുള്‍പ്പടെ ഒൻപത് പ്രാവശ്യം നിറയൊഴിച്ചു. ചെഗുവേരയുടെ ചേതനയറ്റശരീരം പിന്നീട് ഒരായിരം സാമ്രാജിത്വ വിരുദ്ധ സമരങ്ങളായി തെരുവില്‍ പുനര്‍ജനിച്ചു.ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്. കാലമെത്ര കഴിഞ്ഞാലും ചെയുടെ വാക്കുകള്‍ക്ക് മരണമില്ല… കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല… തന്റെ മരണവേളയില്‍ പോലും വിപ്ലവത്തിന്റെ അമരത്വത്തിനെക്കുറിച്ച് മാത്രം ചിന്തിച്ച സമത്വസുന്ദരമായ ഒരു ലോകത്തെ മാത്രം സ്വപ്‌നം കണ്ട ചെഗുവേര എന്ന വിപ്ലവകാരിക്ക് മരണമില്ലെന്ന് ലോകത്തെ ഇന്നും ഓര്‍മിപ്പിക്കുന്നു……….!!!!The post ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല, ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ്…’; ഇന്ന് ചെഗുവേരയുടെ 58 ആം രക്തസാക്ഷിത്വ ദിനം appeared first on Kairali News | Kairali News Live.