കോഴിക്കോട് | താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. കെ ജി എം ഒ എ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒ പി സേവനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.ഐ എം എയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വടിവാള്‍കൊണ്ടു വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച പ്രതി ഈ കുറ്റകൃത്യം സര്‍ക്കാറിനും ആരോഗ്യമന്ത്രിക്കും ഡെഡിക്കേറ്റ് ചെയ്യുന്നതായി മാധ്യമങ്ങളോടു പറഞ്ഞു. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ട് മക്കളുമായി ആശുപത്രിയിലെത്തിയ പ്രതി സൂപ്രണ്ടിനെയാണ് ലക്ഷ്യം വെച്ചത്. കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. സൂപ്രണ്ട് മുറിയില്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. സനൂപിന്റെ മകള്‍ മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു.പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.