തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, കൊച്ചി, പാലക്കാട്, മലപ്പുറം കളക്ടറേറ്റുകളിലേക്കാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. നിലവില്‍ മാര്‍ച്ച് തുടരുകയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ നടപടി ആവശ്യപ്പെട്ട് കാസര്‍കോടും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.കോഴിക്കോട്ടെ മാര്‍ച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഒരുപാട് ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ കവര്‍ച്ച ഉണ്ടായെന്ന് കോഴിക്കോട്ടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും സ്വര്‍ണ്ണം ഒരു വീക്ക് നെസ് ആണ്. എവിടെ കണ്ടാലും അടിച്ച് മാറ്റും. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കവരാന്‍ പിണറായിയുടെ നേതൃത്വത്തില്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആലപ്പുഴ കളക്ടറേറ്റിലേക്കുള്ള ബിജെപി മാര്‍ച്ച് ശോഭ സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.