കുട്ടികളുടെ സ്ക്രീന്‍ ടൈം കുറയ്ക്കുകയെന്നുളളത് മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്ന് വിദഗ്ധർ. വളർച്ചയുടെ ഓരോ ഘട്ടങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും ഡോ. ജെൻസി ബ്ലെസൺ പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 നോട് അനുബന്ധിച്ച് വികസന വൈകല്യമുളള കുട്ടികളെ സഹായിക്കാനായി ജുവല്‍ ഓട്ടിസം റിഹാബിലിറ്റേഷൻ കേന്ദ്രം തയ്യാറാക്കിയ തയ്യാറാക്കിയ അഞ്ച് മൊബൈല്‍ ആപ്പുകളുടെ പ്രവർത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ഡോ ജെന്‍സി. സാധാരണക്കാരായവർക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ജുവലിന്‍റെ റിസർച്ച് ടീമാണ് ആപ്പുകള്‍ വികസിപ്പിച്ചത്. വിർച്വല്‍ ഓട്ടിസം തിരിച്ചറിയാനുളള വെർച്വൽ ഓട്ടിസം ആപ്പ് ഉള്‍പ്പടെയുളള അഞ്ച് ആപ്പുകളാണുളളത്. കുട്ടികളുടെ വികസന വൈകല്യം തിരിച്ചറിയാന്‍ സഹായിക്കുന്ന സ്കൂള്‍ റെഡിനസ് ആപ്പ്, കുട്ടികളുടെ വളർച്ചയും വികാസവും മനസിലാക്കാന്‍ സാധിക്കുന്ന ‘ചൈൽഡ് എസ്കോർട് ആപ്പ്’,സെൻസറി പ്രശ്നങ്ങളുള്ള കുട്ടികളെ എങ്ങനെ മാതാപിതാക്കൾക്ക് കൈകാര്യംചെയ്യാമെന്ന് പരിചയപ്പെടുത്തുന്ന ‘സെൻസോ ബ്ലൂം ആപ്പ്’, ദിനചര്യകൾ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന എ.ഡി.എൽ ആപ്പ് എന്നിവയാണ് ജുവല്‍ ടീം പുറത്തിറക്കിയിട്ടുളളത്. 2007 കോട്ടയത്താണ് ജുവല്‍ തുടങ്ങുന്നത്. 2022 ല്‍ ദുബായിലും പ്രവർത്തനം ആരംഭിച്ചു. കുട്ടികളിലെ ഓട്ടിസം നിരക്ക് മുന്‍വർഷത്തേക്കാള്‍ വർദ്ധിച്ചിട്ടുണ്ടെന്നും ഡോ ജെന്‍സി ചൂണ്ടികാട്ടി. അതേസമയം തന്നെ ഓട്ടിസത്തെ കുറിച്ച് ബോധവന്മാരായ മാതാപിതാക്കളുടെ എണ്ണവും വർദ്ധിച്ചു. അതുകൊണ്ടുതന്നെ വികസന വൈകല്യമുളള കുട്ടികളെ അതത് സമയത്ത് പരിശീലന കേന്ദ്രങ്ങളിലെത്തിക്കാനും ചികിത്സ തേടാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്നുവെന്നും അവർ പറഞ്ഞു. വാർത്താസമ്മേളത്തില്‍ ജൂവല്‍ സ്ഥാപകനായ ഡോ. ജെയിംസൺ സാമുവൽ, ദുബായ് മുനിസിപാലിറ്റിയിലെ ഷെയ്ഖ അലി അൽ കഅബി എന്നിവരും പങ്കെടുത്തു.